Monday, October 29, 2012

ചന്ദനക്കുടത്തിലെ രാമരാവണന്‍മാര്‍


"ശ്രീജിത്തേ .."
"ആരാ അത് ? "
"അങ്കിളേ ശ്രീജിത്തുണ്ടോ ? ഞാനാ ബിനുവാ "
"ആഹ് ഒണ്ടൊണ്ട്.. ഡാ....."

"ങ്ഹാ ങ്ഹാ ... എന്തോ ..."
"ദേ വിളിക്കുന്നു.. ബിനു.."

" ശോ... ഇതെന്തൊരു സ്വപ്നമാ ദൈവമേ.."  (പിറുപിറുക്കുന്നു)
അച്ഛന്റെ ശബ്ദതരംഗങ്ങള്‍ സ്വപനലോകത്തേക്ക് തുളച്ചുകയറി എന്നെ അധര്‍മ്മം അനുഷ്ഠിക്കുന്നതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുത്തിയതിനാല്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോകുന്നതിനിടെ അച്ഛന് പതിവില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചു . ഇതെന്ത് ഭാവം എന്ന് കണ്ട് അച്ഛനും നോക്കിയിരുന്നു.

"ആഹ് ..എന്നാടാ പിള്ളാരേ .."
"ഓ. ഇതാരാ അമ്മാവനോ ?"

അതൊരു തിരിച്ചടിയായിരുന്നു. പ്രഭവസ്ഥാനം അനിയന്റെ കൂടെ കേറ്ററിംഗ് പണിക്ക് പോകുന്ന നിയാസും. വന്നിരിക്കുന്ന മറ്റ് മൂന്നുപേരിലും ആ പ്രയോഗം ചിരിപടര്‍ത്തി. ഇളിഭ്യനായിയെങ്കിലും ആ മറുപടി ആസ്വദിച്ചു എന്ന് വരുത്തുവാന്‍ കഷ്ടപ്പെട്ട് ഞാനും ചിരിച്ചു.

"എന്താ പരിപാടി ? "
"ചന്ദനക്കുടം.. അത് തന്നെ പരിപാടി. വരുന്നോ ? റിമിടോമിയുടെ ഗാനമേളയും പിന്നെ മിമിക്രിയും "
"ഉം..........."

ചന്ദനക്കുടത്തിന് പോകുമ്പോഴുണ്ടാകുന്ന മിനിമം ചെലവുകള്‍ മനസ്സിലൂടെ കടന്നുപോയി. കപ്പലണ്ടി, ചോളം, നാരങ്ങാവെള്ളം, മുളക്ബജി, സിഗരറ്റ്‌, ബിയര്‍ , കള്ളു ..അങ്ങനെ ഒരാള്‍ക്ക്‌ ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് രൂപ. പിന്നെ, ഈ വന്നിരിക്കുന്നത് അനുജന്റെ കൂട്ടുകാരും.ചില്ലറ സാധനങ്ങളൊക്കെ കൂട്ടത്തില്‍ മൂത്തവന്‍ എന്ന നിലയ്ക്ക് തന്നില്‍ നിന്നും ഇവര്‍ പ്രതീക്ഷിച്ചേക്കും, മാത്രമല്ല, വെള്ളമടിപ്പിരിവില്‍ തന്റേതായി വലിയ ഒരു വിഹിതം ഇറങ്ങിയാല്‍ അത് നാട്ടുനടപ്പ് എന്ന് കരുതുകയും ചെയ്യും. കയ്യിലാണെങ്കില്‍ ആകെ ഒരു നൂറും കുറച്ച് ചില്ലറയും കാണും. പരിപാടി ഉപേക്ഷിക്കുക തന്നെ.

"ഞാനില്ലടാ..കുറച്ച് പരിപാടിയുണ്ട്.."
"ഓ.. എന്നാ പരിപാടി ? നിങ്ങള്‍ വാന്നെ, ശ്രീലേഷ്‌ പറഞ്ഞു നിങ്ങള്‍ ചുമ്മാ ഇരിക്കുവാ, നിങ്ങളെയും കൂട്ടണമെന്ന്.."
"അല്ലടാ.. മറ്റന്നാള്‍ ഒരു ടെസ്ടുണ്ട്. PSC യുടെ. അതിന്റെ കുറച്ച് പണി.."
"നിങ്ങള്‍ വാ ഭായി, സാധനമൊക്കെ റെഡിയായിട്ട് ഒരുത്തന്റെ വീട്ടിലിരിപ്പുണ്ട്. പൈസ മുടക്കുന്ന കാര്യമൊന്നും ഓര്‍ക്കേണ്ട."

കൂട്ടത്തില്‍ മറ്റൊരുവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഉള്ളില്‍ സന്തോഷം തോന്നി, പക്ഷേ പുറത്ത് കാണിക്കേണ്ടത് അപമാനിതനായ ഭാവം.

"ഹേയ്.. അതൊന്നുമല്ല, കൊറേയൊണ്ടേ  നോക്കാന്‍ .. എല്ലാം കൂടി എപ്പോ പഠിക്കാനാണോ..." 
"നമുക്ക് പോയിട്ട് വരാന്ന് .."
"ങാ ഒരഞ്ച് മിനിറ്റ്‌ ... ഇതൊന്ന് മാറിയിട്ട് വരാം.."

അങ്ങനെ കയ്യിലുള്ള ദമ്പഡി വച്ച് കാര്യം കാണാമെന്നായി, മുറിയിലെത്തി. ലുങ്കി മാറ്റി ജീന്‍സ്‌ വലിച്ചുകയറ്റുന്നതിനിടയിലാണ് ഇട്ടിരിക്കുന്ന ഷഡ്ഢിയുടെ മുന്‍ഭാഗത്ത് ഒരിരുളിമ ശ്രദ്ധയില്‍പെട്ടത്.തൊട്ട് നോക്കിയപ്പോള്‍ ചെറിയ നനവ്‌."" ......."".","
"ഓ...  മൈര് ........."

കണ്ടാല്‍ എന്തേലുമൊക്കെ തോന്നുന്ന പ്രായം കടന്നുപോയ, മുഖത്തും കഴുത്തിലും എല്ലാം ഒളിച്ചിരിക്കാത്ത ചുളിവുകളുളള അമ്മായിക്കിട്ടാണല്ലോ ദൈവമേ ഞാന്‍ പണികൊടുത്തത്, ഭാഗ്യം , കുറച്ചേ വന്നുള്ളൂ എന്നാശ്വസിക്കാം. ഇതെനിയിപ്പോ മാറണോ ? ഓ.. കിടക്കട്ട്. പണിയൊന്നുമില്ലാത്തവന്റെ രാത്രിസഞ്ചാരത്തിന് കൊടുക്കാന്‍ പറ്റിയ പുച്ഛവുമായി ഇരിക്കുന്ന അച്ഛനെയും കടന്ന് വെളിയിലേക്കിറങ്ങി.

"പോകാം..? "
"ഉം...."
"ഭായ് ഇത് ശരിക്കും നരച്ച ജീന്‍സാ അല്ലേ ? അന്യായ ലുക്ക്‌, ഒറിജിനല്‍ ഫേഡഡ്‌ മാറി നിക്കും.."

നിയാസ്‌ പിന്നെയും കുത്തുകയാണ്. അടിച്ചേ പറ്റൂ, അല്ലേല്‍ പിന്നെ ഇവന്മാരുടെ കൂട്ടുകാരന്റെ ചേട്ടനാണെന്ന് പറയുന്നതിന് എന്ത് വില. 
"എനിക്കും വയസ്സായി, എന്റെ ജീന്‍സിനും വയസ്സായി എന്നല്ലേ TV യില്‍ പറയുന്നേ .."

മറുപടി കൊടുത്തത് അല്പം താമസിച്ചതുകൊണ്ടാണോ അതോ പറഞ്ഞതിനു തീരെ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല, അവര്‍ ചിരിച്ചില്ല. പക്ഷേ നിയാസ്‌ തുടര്‍ന്നു.
"ഇത് പോലിനിയുമുണ്ടോ വീട്ടില്‍ , വര്‍ക്കിന് പോകുമ്പോ ഇടാരുന്നു..."
"ഹഹഹഹ.."

അവന്റെയത് കേക്കുമ്പോ ഇവന്മാരുടെ ഒരു കക്കക്കക്ക. തിരിച്ചടിക്കാന്‍ ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല. നിമിഷങ്ങള്‍ കടന്നുപോകുന്നു. പല മറുപടികളും മനസ്സിലെക്കോടിയെത്തി, നിലവാരം പുലര്‍ത്താതെ മടങ്ങി. ഇനി എന്തെങ്കിലും പ്രയോഗിക്കുന്നത് അപഹാസ്യമാകുമെന്നറിഞ്ഞിട്ടും ചിന്തയില്‍ നിയാസിന്റെ കമ്മന്റും അവനുള്ള മറുപടികളും മാത്രം. നടന്നുനടന്ന് ഒരു മാടക്കടയുടെ മുന്നിലെത്തി. കൂട്ടത്തിലുള്ളവര്‍ ഇത്രയും നേരം എന്തിനെക്കുറിച്ചൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. 
"രണ്ട് പായ്ക്കറ്റ് വില്‍സ് ... ഡാ രണ്ട് പോരേ ?"
"മതി മതി"
"ഭായി ..എങ്ങനാ വില്‍സ് പോരേ ?"
"ഭായി ...ശ്രീജിത്ത്‌ ഭായി."
"ങാ.. ങാ.. എന്തായാലും മതിയെന്ന്.. "
ഇത്തിരി ഗൌരവത്തില്‍ ശബ്ദത്തിനു ഘനം കൂട്ടിപ്പറഞ്ഞു. ആദ്യത്തെ വിളി കേട്ടെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ നിന്ന് അവനെക്കൊണ്ട് വീണ്ടും വിളിപ്പിക്കുമ്പോള്‍ എന്തോ ഒരു പ്രതികാരസുഖം കിട്ടുന്നുണ്ട്‌.. ,.
"എന്തായാലും മതിയെങ്കില്‍ രണ്ട് കോലുമുട്ടായി എടുക്കട്ടെ.."
വീണ്ടും പരിഹാസം, ചിരി. പ്രത്യാക്രമണത്തിന് തല്‍ക്കാലം മുതിരാതെ പ്രതിരോധത്തില്‍ നിക്കാം, കുറഞ്ഞത് മനസ്സമാധാനമെങ്കിലും കിട്ടും. എന്നാല്‍ തരം കിട്ടുമ്പോള്‍ ഇവന്മാര് എന്റെ മൂപ്പ് അറിയുകയും വേണം. 

"കോലും വില്‍സുമൊക്കെ മേടിച്ചോ?"  അടികൊണ്ടു ഒതുങ്ങിയിട്ടില്ല എന്ന് ബോധിപ്പിക്കുവാന്‍ കുറച്ച് സംസാരിക്കണം.

"ഉം..."
"നമ്മളെങ്ങനാ പരിപാടി ? ആദ്യമെങ്ങോട്ടാ ? " 
ചോദ്യം നിയാസിനോടായിരുന്നുവെങ്കിലും ബിനുവാണ് ഉത്തരം തന്നത്.
"പ്രദീപിനെ അറിയുവോ.. തെങ്ങണയില്‍ അഫോള്‍സ്റ്ററി കടയില്‍ നിക്കുന്ന .."
"ഇല്ല.."
"ങ്ഹാ..അവന്‍ നമ്മടെ ഒരു ദോസ്താ. പുള്ളിയുടെ വീട്ടുകാരെല്ലാം കൂടി മലബാറിലോട്ടെന്തോ പോയേക്കുവാ...അവിടെ കൂടാം. കാവിലമ്പലത്തിനടുത്താ.."
"സാധനം മേടിക്കണ്ടേ ? "
നേരത്തേ എല്ലാം സംഘടിപ്പിച്ചിട്ടുണ്ട് എന്ന കാര്യം ഓര്‍മ്മിക്കാത്തപോലെ ഈ ചോദ്യവും തട്ടിവിട്ടു. ജ്യേഷ്ഠന്റെ ഉത്തരവാദിത്വബോധം അവര്‍ അറിയട്ടെ.
"എല്ലാം മേടിച്ചിടുണ്ട് മാഷേ, ഒരു കേസ് കെ എഫാ.. അറിയാവോ? പിന്നെ ഹോട്ട്  വേണേല്‍ എമ്മെച്ചുമുണ്ട്"
"ഹോട്ട് വേണ്ട.. ഇതാര് മേടിച്ചു ഇത്രേം?"
"ബിനൂന്റെ ചേട്ടന്റെ കല്യാണമല്ലേ. അതിന്റെ ചെലവാ."
"ആഹാ , കൊള്ളാല്ലോ."

കൂട്ടത്തിന്റെ ഭാഗമായപ്പോള്‍ ഒരാശ്വാസം. എങ്കിലും ഇവരുടെ അംഗീകാരവും ബഹുമാനവും എനിക്ക് നഷ്ടമാകുംവിധമാണ് നിയാസിന്റെ ആക്രമണം. അവന് വേണ്ടി കാലം തെറ്റിയ എത്ര മറുപടികള്‍ മനസ്സില്‍ കിടക്കുന്നു, പ്രയോഗിക്കാനാവാതെ.

"കൊച്ചേ, നീയാ സത്താറിന്റെ മോനല്ലേ ? " നടന്നുപോകുന്നതിനിടയില്‍ എതിരെ വന്ന അപ്പൂപ്പന്‍ നിയാസിനെ സൂക്ഷിച്ചുനോക്കി. 
"ആണല്ലോ.. എന്തേ .? "
"അല്ല..സത്താറിനെ കണ്ടിട്ട് കുറേ നാളായല്ലോ മോനെ. ഇവിടെങ്ങുമില്ലേ.."
"ഒണ്ടല്ലോ .. വല്ലോം പറയാനുണ്ടോ ? "
"ഹേയ്.. ഒന്നൂല്ലാ.. വല്ലപ്പോഴും കാണുമ്പോ വിശേഷങ്ങളൊക്കെ പറയും, സ്നേഹത്തോടെ പത്തഞ്ഞൂറ് കയ്യില്‍ വച്ച് തരികയും ചെയ്യും. മോനെന്നാ പണി ? "
"ഞാന്‍.... ,..... സ്പ്ലെണ്ടറോടിക്കുവാ.." 
"ആഹാ.. ഗള്‍ഫിലാ ? "
"അല്ല, ഇവിടൊക്കെത്തന്നെ.." കൂട്ടത്തില്‍ നിന്ന് അടക്കിപ്പിടിച്ചുള്ള ചിരിയുയര്‍ന്നു തുടങ്ങിയതോടെ നിയാസ്‌ പഴ്സില്‍ നിന്നും നൂറ് രൂപ എടുത്ത് അപ്പൂപ്പന് കൊടുത്തു.
"നന്നായി വരും മോനെ, ഗള്‍ഫിലോട്ട് ശ്രമിക്കാത്തതെന്താ നീയ്‌ "
"ശ്രമിക്കുന്നുണ്ട് , അവിടെ ഈ സ്പ്ലെണ്ടറോടിക്കുന്ന ഒരുപാട് പേരുണ്ടെ. അവര് ഓട്ടം നിര്‍ത്തി തിരിച്ചുവന്നാലെ നമുക്കൊരു എട കിട്ടു "  
"ങാ.. ശ്രമിക്ക് .. പോട്ടെ മോനെ..സത്താറിനെ ഞാന്‍ എപ്പോഴെങ്കിലുമൊക്കെ കണ്ടോളാം "
"ഓ .. ആയിക്കോട്ടെ.."

"ഉപ്പയുടെ പരിചയക്കാരനായിപ്പോയി, ആര്‍ക്കറിയാം.. ഉപ്പയോട് പറഞ്ഞാല്‍ ചിലപ്പോ പൈസ കൊടുത്തേന് എന്നെ ചീത്ത വിളിക്കുവായിരിക്കും.ആദ്യമേ പൈസ കൊടുക്കുവാണേല്‍ പിന്നെ അങ്ങേരുടെ കഥപറച്ചില്‍  ഒഴിവായി കിട്ടും. പിന്നെ വിട്ടു പോയത് കണ്ടില്ലേ" 
ഇവര്‍ ഈ തമാശ ആസ്വദിക്കുന്നത്പോലെ എനിക്ക് പറ്റുന്നില്ല. പ്രായം ചെന്നവരെ കളിപ്പിക്കുന്നത് ഒരു നല്ല കാര്യമല്ല. നിയാസിനെതിരെയുള്ള ചിന്തകളില്‍ ഇതുംകൂടി.

കാവിലമ്പലമടുക്കാറായി. സ്പീക്കറിലൂടെ നാദസ്വരക്കച്ചേരി കേള്‍ക്കുന്നു. ബാക്കിയുള്ള പരിപാടികള്‍ കൂടി എല്ലാരോടും തിരക്കാം.
"ഘോഷയാത്ര കഴിഞ്ഞെന്ന് തോന്നുന്നു, അല്ലേ. ? നമ്മളെങ്ങനാ ..അടി കഴിഞ്ഞുടനെ ഗാനമേളയ്ക്ക് പോവല്ലേ ? "
"അതിന് നമ്മള്‍ വെള്ളമടിച്ച് തീരുന്നതും നോക്കി ഇരിക്കുവാണോ റിമിടോമി ? അത് പന്ത്രണ്ട് മണിക്കാ ഭായി. ഭായിക്ക് നേരത്തെ വീട്ടില്‍ കേറാന്‍ ഓര്‍ഡറുണ്ടല്ലേ."
"ഹേയ്.. ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ. " ഇവനോടെന്ത് പറഞ്ഞാലും ഇങ്ങനെയാണല്ലോ മറുപടി, മൊത്തം നെഗറ്റീവ്‌ !
"അളിയാ ദാണ്ടങ്ങോട്ടു നോക്കിക്കേ.. "
"കൊള്ളാല്ലോ മച്ചൂ .. എന്നാ മൊലയാടാ .."  
അമ്പലത്തിലേക്ക് നടന്നുപോകുന്ന പെണ്‍കുട്ടികളെ നോക്കി ഈ കൂട്ടമൊന്നു തളിര്‍ത്തു. ഞാന്‍ മുന്നോട്ടു കയറി, ആ പെണ്‍കുട്ടികളെ ഒന്ന് നോക്കിയിട്ട് വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ച്‌ നടന്നു. ഇവരുടെ ഇത്തരം ചാപല്യങ്ങളെ എന്നേ ഞാന്‍ നിയന്ത്രിച്ചിരിക്കുന്നു എന്ന് ഇവര്‍ അറിയട്ടെ. 
"എന്നാ മൊലയാന്ന് ? ഇവളെയൊക്കെയൊണ്ടല്ലോ .. തുണിയൂരിയങ്ങോട്ട്‌ കിടത്തിയിട്ടുണ്ടല്ലോ..."
"കിടത്തിയിട്ട് ? "
"വയറിളകിയങ്ങോട്ട് തൂറി വയ്ക്കണം "
"ഹഹഹഹ.."

ഛെ, ഇവനെങ്ങനെയാണ് ഇങ്ങനൊക്കെ ചിന്തിക്കാന്‍ കഴിയുന്നത് ? അമ്പലത്തില്‍ വരുന്ന ആ പാവം പെണ്‍കുട്ടിയെക്കുറിച്ച് വൃത്തികേട് പറയുന്ന ഈ കാക്കാനെ വെടിവച്ച് കൊല്ലണം. ഇവന്‍ പറയുന്നതൊക്കെ ആസ്വദിക്കാന്‍ കുറേയവന്മാരും.നോക്കുമ്പോള്‍ ഒരു ഫ്ലക്സില്‍ ശ്രീരാമചന്ദ്രന്റെ ചിത്രം. അല്ലയോ മര്യാദപുരുഷോത്തമാ, ധര്‍മ്മപരിപാലനം എന്നിലൂടെ സാധ്യമാക്കണേ. ഈ അധര്‍മ്മിയെ നിഗ്രഹിക്കുവാനുള്ള (കുറഞ്ഞപക്ഷം വാചകത്തിലെങ്കിലും) കഴിവ് തന്നു അനുഗ്രഹിക്കേണമേ. അമ്പലത്തിലെ കച്ചേരിയുടെ ഇടവേളയിലിട്ട ഭക്തിഗാനങ്ങള്‍ സ്പീക്കറിലൂടെ ഒഴുകിയെത്തി എന്റെ ധര്‍മ്മബോധത്തെ ശക്തിപ്പെടുത്തി. കൂടെയുള്ളവരാകട്ടെ മതിമറന്ന് നടക്കുന്നു. എന്ത് ധര്‍മ്മം, എന്ത് ബോധം ?    

നടന്നുനടന്ന് ലക്ഷ്യസ്ഥാനത്തെത്തി. 
"പ്രദീപേ.." പ്രദീപ്‌ കതക് തുറന്നുവന്നു. 
"ആഹ്.. ഞാന്‍ കുറേ നേരമായിട്ട് വിളിക്കുന്നു. നിന്റെ ഫോണ്‍ ചത്തോ? ...ഇതാരാ ?
"ഇത് ശ്രീജിത്ത്‌.., നമ്മുടെ ശ്രീലേഷില്ലേ..അവന്റെ ചേട്ടനാ.."  ബിനു പരിചയപ്പെടുത്തി.
"ആഹാ.. ഇതുവരെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ? എന്താ പരിപാടി "
"ഓ. ഞാന്‍ തൃശൂരായിരുന്നു കുറേക്കാലം. പഠിത്തോം അതുകഴിഞ്ഞ് ചെറിയ ജോലിയൊക്കെയായിട്ട്... ഇപോ പരിപാടിയൊന്നുമില്ല."
"ഉം..എടാ നിന്റെ ഫോണ്‍ എന്നാ പറ്റി? എല്ലാരും വാ അകത്തോട്ട് കയറ്.. പുറത്ത് നിന്നാ പിന്നീട് അയല്പക്കക്കാരുടെ വക നല്ല സേവനങ്ങള്‍ എനിക്ക് കിട്ടും.." എല്ലാരും ചിരിക്കുന്നു.
"ഓ ..ഫോണ്‍ വെള്ളത്തില്‍ വീണടെ, അത് പോയി. ബിജുവൊക്കെ വന്നോ? "
"ഇപ്പോയെത്തും , അവന്മാര്‍ അമ്പലത്തിന്റെ അവിടെയായി.. "

"ങ്ഹാ.. നിങ്ങളോട് പറയാന്‍ വിട്ടു. എന്റെ വേറെ ഒന്നുരണ്ട് പരിചയക്കാര് കൂടി വരുന്നുണ്ട് കേട്ടോ, കുറച്ച് വില്ലന്മാരാണ്. ചെറിയ കൊട്ടേഷനൊക്കെ..... , ഒന്ന് അഡ്ജസ്റ്റ്‌ ചെയ്തേക്കണേ.. "
"അതിനെന്താ.. അളിയന്മാര് വരട്ടെ.."
ഈ കൂട്ടത്തിനെത്തന്നെ ഇത്രയും നേരം സഹിച്ചുവന്നപ്പോഴാ ഇനി പുതിയ കൊറേയെണ്ണം , നിയാസിനെ അവരില്‍ ആരേലും ഒതുക്കിയിരുന്നെകില്‍ നന്നായേനേ. ഹാളില്‍ എല്ലാരും അവിടിവിടെയായി ഇരുന്നു. ബിയറുകള്‍ ആദ്യമെത്തി. രണ്ട് പാത്രങ്ങളിലായി 'കൊറി'സാധനങ്ങളും.
"ഹോട്ടിപ്പോ എടുക്കണോ ...? "
"വേണമെന്നില്ല , അവര് വരട്ട്‌" ," ആതിഥേയന്റെ ചോദ്യത്തിന് നിയാസിന്റെ മറുപടി.

"കൂഹോയ്....."

"അവര് വന്നെന്തോന്നുന്നു..ഒന്ന് നോക്കിക്കേ "
ആഹ് .. വാ വാ.."

"പ്രദീപ്‌.. ..,.. അല്ലേ? ഞാന്‍ ബിജു. പരിചയപ്പെട്ടതില്‍ സന്തോഷം, ഞങ്ങള്‍ നാല്പേര്‍ക്കും കൂടി അകത്ത് ഇടകാണുമോ ? ഇല്ലേല്‍ കുഴപ്പമില്ല കേട്ടോ. ഞങ്ങള്‍ ഓള്‍റെഡി കുറച്ച് കീറിയിട്ടുണ്ട്. പിന്നെ പ്രശാന്തിന്റെ കല്യാണമായിട്ട് അനിയച്ചാര് ഇങ്ങനെയൊരു പരിപാടി വയ്ക്കുമ്പോ നമ്മള്‍ വന്ന് ഒന്ന് മുഖം കാണിക്കുന്നു, അത്രേയുള്ളൂ. ബിനുവും ബിനുവിന്റെ ഫ്രണ്ട്സും ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ ഒന്ന് മിന്നായം പോലെ വന്ന് കണ്ട് പോകുന്നു. "

"ആഹ അതിനെന്താ.. അകത്ത് ഇഷ്ടം പോലെയിടയുണ്ട്. നിങ്ങള്‍ കയറി വാ.."

ഒന്നുരണ്ട് പേരെന്ന് പറഞ്ഞിട്ട് ഇതിപ്പോ നാലെണ്ണമാ വന്നേക്കുന്നെ. കണ്ടാലേ അറിയാം കോളനിയാന്ന്. അവരുടെ സാന്നിധ്യം അസ്വസ്ഥമായ ചിന്തകളെ ഉണര്‍ത്തിയപ്പോള്‍ ഞാന്‍ പോയൊരു ബിയര്‍ പൊട്ടിച്ചെടുത്ത് വേറൊരു മുറിയിലേക്ക് പോയി. അപ്പോള്‍ ഹാളില്‍ പുതുതായി വന്നവര്‍ ബാക്കിയുള്ളവരെ പരിചയപ്പെടുന്നുണ്ടായിരുന്നു. മുറിയില്‍ ഒറ്റയ്ക്കിരുന്നു കുടിക്കുമ്പോഴും മറ്റുള്ളവര്‍ ഇങ്ങോട്ട് വന്ന് ശല്യപ്പെടുത്തുമോ എന്നാശങ്കയുണ്ടായിരുന്നു. ഹാളില്‍ ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാം, ചന്ദനക്കുടവിഷേശങ്ങള്‍ കൈമാറുകയാണ്. അതിനിടയില്‍ നിയാസ്നെ അവന്മാരൊന്ന് ഒതുക്കിയാല്‍ മതിയായിരുന്നു. കുറച്ചുപ്പേരിയും ഒരു ബിയറും കൂടി കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. അങ്ങോട്ട്‌ പോകാനൊരു മടി. ശ്ശെ, അവിടെത്തന്നെ ഇരുന്നാ മതിയായിരുന്നു. ഇനി അങ്ങോട്ട്‌ പോകുമ്പോ എല്ലാരും തന്നെ ശ്രദ്ധിക്കുമല്ലോ. എന്താ ഇപ്പൊ ഒരു വഴി? ബിയറുംകുപ്പിയിലെ അവസാനതുള്ളിയും അകത്താക്കി. ഇതുവരെയുള്ള നടപ്പിന്റെ ക്ഷീണം മാറി വരുന്നു. ഒന്ന് തൃപ്തി വരണമെങ്കില്‍ ഒരെണ്ണംകൂടി അകത്ത് ചെല്ലണം. രണ്ടുംകല്‍പ്പിച്ച് ഹാളിലേക്ക് നടന്നു. 
"ആഹ് ,... ഇങ്ങനൊരാള്‍ ഇവിടൊണ്ടോ ? സാറിന്റെ പേരെന്താ ? "
"ഡാ ബിജു.. ഈ കക്ഷിയെ.. നമ്മള്‍ വന്നപ്പോ എഴുന്നേറ്റ് അകത്തോട്ട് പോയി, പിന്നെ ഇപ്പൊ, എനിക്ക് തോന്നുന്നു, ഏതാണ്ട് എടുത്തോണ്ട് പോകാന്‍ വന്നേക്കുവാ. എന്താ മോനെ ഞങ്ങളെ അങ്ങോട്ട്‌ പിടിച്ചില്ലേ ? "

"ഹേയ്.. അങ്ങനൊന്നുമില്ല.ഞാന്‍ വെറുതെയങ്ങോട്ട് മാറിയതാ."
തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ കാരണം എല്ലാരും എന്നെത്തന്നെ നോക്കിയിരിക്കുന്നു. ദേഹമാസകലം വിറയലും ചൂടും, തലയ്ക്കു വല്ലാത്ത ഭാരം തോന്നി. ചിന്താമണ്ഡലം ആവശ്യമില്ലാത്ത ചില പരീക്ഷണനിമിഷങ്ങളില്‍ അകപ്പെട്ടപോലെ. 

"അല്ല, സാറിന് പിടിച്ചില്ലേല്‍ പറഞ്ഞേര് , ഞങ്ങളങ്ങു പോയേക്കാം."
ഭൂമി ഒന്ന് കുലുങ്ങി ഇതെല്ലാം ഇടിഞ്ഞുപൊളിഞ്ഞ് വീണിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി. കൂടെ വന്നവരുടെ മുന്നിലും വിലയില്ലാതാകുന്നു, നാളെ ഞാന്‍ എന്റെ അനിയനും നാണക്കേടാവും. ശരീരത്തിന്റെ ചൂട് കൂടി, കൈ നല്ലതുപോലെ വിറച്ചു. 

"നിങ്ങള്‍ക്ക് പോണേല്‍ പോ.. എന്നോടെന്തിനാ ചോദിക്കുന്നെ ? "  ദേഷ്യം അണപൊട്ടി, ഈ ഭാവമാറ്റം അവര്‍ പ്രതീക്ഷിച്ചില്ലായിരിക്കണം.
"ഹമ്പട തായോളീ . നീ പറേന്ന കേട്ട് പോകാനിരിക്കുവാണോ ഞങ്ങള് ..ഞങ്ങളെന്നാ അത്രയ്ക്കും ഊമ്പന്മാരാന്നു വിചാരിച്ചോടാ മൈരേ."
"ഹ.. പോട്ടളിയാ.. വിട്.. ആ പയ്യന്‍ ചുമ്മാ പറഞ്ഞതല്ലേ.."
"അണ്ണന്മാരെ പോട്ടെ..വിഷയമാക്കണ്ട..."

തെറി പറഞ്ഞവന്റെ കണ്ണുകളിലെ കോപം എതിരാളിയെ തളര്‍ത്താന്‍ ശേഷിയുള്ളതായിരുന്നു. എങ്കിലും എല്ലാരുടേം മുന്നില്‍ വച്ച് തെറി കേട്ടവന്റെ വിഷമവും ദേഷ്യവും കൂടി ഇവനറിയണം എന്നുറപ്പിച്ചു. 
"നിന്റെയൊക്കെ തള്ളയ്ക്കിട്ട് ഊക്കാന്‍ പറ്റാത്തേന്റെ കടി ഇവിടെ വന്നാണോടാ തീര്‍ക്കുന്നത് .."  ഇത് പറയുമ്പോള്‍ ശബ്ദമിടറി വെള്ളിവീണെങ്കിലും ഇതിന് ബദല്‍ പറയാനായി അവന്‍ തുനിയും എന്ന് തോന്നുന്നില്ല. കാരണം, ഇനി വരേണ്ടത് വാക്കുകളല്ല.

കസേരയിലിരുന്ന്കൊണ്ട് ഒരു നിമിഷം എന്നെ തുറിച്ചുനോക്കിയിട്ട് അവന്‍ ചാടിയെണീറ്റു. അപ്പോള്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ അവനെ ബലമായി തടഞ്ഞു, അവനോട് ഇത് കാര്യമാക്കണ്ട എന്നുപദേശിക്കുന്നു. 
കൂട്ടത്തിലൊരുവന്‍ എന്നെ നോക്കിക്കൊണ്ട്. " ടാ കൊച്ചനെ , നിനക്കിവനെ ചൊറിഞ്ഞിട്ട് എന്ത് കിട്ടാനാ ..? ജീവിക്കണമെന്നാഗ്രഹമൊന്നുമില്ലേ ? എന്താടാ മൈരേ , ഇല്ലേ ? "

തല്ലാന്‍ വന്നവന്റെ വരവ് കണ്ട് സര്‍വനാടിയും തളര്‍ന്ന് ഏതടിയും കൊള്ളാന്‍ പാകത്തിലിരുന്ന എനിക്ക് ഇതിനുള്ള മറുപടി പറയാനുള്ള ത്രാണി ഇല്ലായിരുന്നു. കൂടാതെ ,അണയ്ക്കാനും തുടങ്ങിയിരിക്കുന്നു.
"ജീവിക്കാനുള്ള ആഗ്രഹമൊക്കെ ഏതവനും കാണും. ആവശ്യമില്ലാതെ പുള്ളിയെ കേറി ചൊറിഞ്ഞത് ഈ മൈരന്‍ തന്നെയാ.."
അതൊരു മൃതസഞ്ജീവനിയായിരുന്നു. അതും, ഒട്ടും പ്രതീക്ഷിക്കാത്ത കോണില്‍ നിന്ന്, നിയാസില്‍ നിന്ന്. സംഘബലത്തിന്റെ ഊര്‍ജ്ജം സിരകളിലേയ്ക്ക് പ്രവഹിച്ചു.

"എന്നാ കുണ്ണയാ ..നീയും അവനെപോലാണോ ? "
"നീ ഒരു കുണ്നേം പറയണ്ട. വിരട്ടൊക്കെ നിന്റെ കോളനിയിലെ പീക്കിരികളോട് മതി.."
"ഹ.. നിര്‍ത്ത് അളിയന്മാരെ... വിഷയമാക്കല്ലേ...."
"ഹാ.. പോട്ട് .. അല്ലാതിപ്പോ ഞങ്ങളെന്നാ പറയാനാ. മോനെ ബിനു., ചേട്ടനോട് ചോദിച്ചാല്‍ പുള്ളി പറഞ്ഞു തരും, ഞങ്ങടെ പരിപാടി എന്താന്ന്. മിന്നല് പോലെ പണി തരും, വച്ച് താമസിപ്പിക്കത്തില്ല. അത് സമയം കിട്ടുമ്പോ ഈ വാളികളോട് പറഞ്ഞേക്കണം. പ്രത്യേകിച്ച് ദാണ്ടവിടെ വെറച്ചു നിക്കുന്ന വാണപ്പനോട്., പിന്നെ ദേണ്ടിവന്‍, പേരെന്താ..നിയാസ്‌...,.... അല്ലേ? മോനെ വിഷമിക്കേണ്ട, നിന്റെ കാര്യം ഞങ്ങളേറ്റു. "

"മോനെ വിളിച്ച് ഏറ്റെടുക്കാന്‍ നീയെന്നാ അമ്മത്തൊട്ടിലോ.. പോടാ മൈരേ.. "  
"എടാ നിയാസേ മിണ്ടാതിരിക്ക്, ആ വിഷയം വിട്.."

"ചെറുക്കനങ്ങ് വെളയുവാ... പൊറത്തോട്ട് പോര് കേട്ടോ.., വാ നമുക്ക് പോയേക്കാം. "
"ഓ.. അങ്ങനായിക്കോട്ടേ.."

നാല്‍വര്‍സംഘം തീ തുപ്പിയിട്ടാണിറങ്ങിയിരിക്കുന്നത്. വീടിന് പുറത്ത് പോകാന്‍ പേടിയാവുന്നു. 
"എടാ എന്നാ പരിപാടിയാ. നിനക്കൊന്നു മിണ്ടാതിരിക്കാന്‍ മേലായിരുന്നോ ? "  ആതിഥേയന്റെ ആവലാതികള്‍  ..
"എടാ മൈരേ.. നീ എന്നോടിത് പറയരുത്. അവന്മാരിവിടെ വന്ന് ഇവന്റെ കള്ളും കുടിച്ചിട്ടു നമ്മളെ തെറിവിളിക്കുമ്പോ നമ്മള്‍ പിന്നെന്നാ അണ്ണാ അണ്ണാ വച്ചോണ്ട് പുറകെ നടക്കണോ ?  "
"നിയാസ്‌ ഒരു കാര്യം ചെയ്യ്‌., നീ ഒരാഴ്ചത്തേക്ക് കട്ടപ്പനയിലോട്ട് വല്ലോം പൊ. ഇവന്മാരെ എനിക്ക് കുറച്ചൊക്കെ അറിയാം, കുറേ ഹറാംപിറന്നവന്മാരുണ്ട് ഇവരുടെ കൂടെ. എല്ലാത്തിനും ന്യൂസ് പോകും" 

ബിനുവിന്റെ വാക്കുകള്‍ യഥാര്‍തത്തില്‍ ഭയപ്പെടുത്തിയത് എന്നെയായിരുന്നു. എങ്കിലും ഒരു ജ്യേഷ്ഠന്റെ അധികാരത്തില്‍ ഞാന്‍ ചിലത് വ്യക്തമാക്കി.
"നിയാസേ, ബിനു പറയുന്നത് കേക്ക്..."

എല്ലാരും കൂടി നിര്‍ബന്ധിച്ചപ്പോള്‍ നിയാസ്‌ വഴങ്ങി. ബിനുവിന്റെ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി, ബൈക്കില്‍ അവര്‍ സ്ഥലം വിട്ടു. കുറുക്കുവഴിയില്‍കൂടി ഞങ്ങളും വീട് പറ്റി.
ഒരു ഡസനോളം ആളുകളുടെ മുന്നില്‍ വച്ച് തകര്‍ന്നുകൊണ്ടിരുന്ന എന്റെ അഭിമാനത്തെയും ആത്മവിശ്വാസത്തെയും സംരക്ഷിച്ച പ്രതിനായകന് എന്റെ മനസാക്ഷി കൃതഞ്ജത രേഖപ്പെടുത്തി. അവന് താങ്ങാകുവാന്‍ ഈ കൂട്ടത്തിന് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തു. സംഘം കൂടുവാനുള്ള സമയത്ത്‌ സ്വയം ഒതുങ്ങിക്കൂടുവാന്‍ താല്പര്യപ്പെട്ട എനിക്ക് ഈ വീഴ്ച അനിവാര്യമായിരുന്നു. വികാരവിക്ഷോഭത്താല്‍ ഇവരുടെ ഇടയില്‍ നഷ്ടപ്പെട്ട മതിപ്പ് എനിക്ക് വീണ്ടെടുക്കണമെങ്കില്‍ പുറത്തേക്കിറങ്ങിയേ പറ്റൂ. 

ഒരാഴ്ച്ചയ്ക്ക് ശേഷം.. ഒരു കൂട്ടം...

"അളിയന്‍ റിമിടോമിയുടെ ഗാനമേളയ്ക്കുണ്ടായിരുന്നോ ..? "
"ഇല്ല, ഞാനതിന് മുന്നേ വീട്ടിലെത്തി, ഒരത്യാവശ്യകാര്യമുണ്ടായിരുന്നു.."
"കൊഴപ്പില്ലാരുന്നു....ഞാനും പകുതിയായപ്പോ വീട്ടില്‍ പോയി, ഉറക്കം വന്നു. ഇടയ്ക്ക് ഭയങ്കര അടി നടക്കുവായിരുന്നു, ഗ്രൌണ്ടിന്റെ ഒരു മൂലയ്ക്ക്..എന്നാ അടിയായിരുന്നു..വെള്ളമടിച്ച് കുറേ ടീമുകള്  "
"ഞാനും അന്ന് ഒരുത്തനുമായിട്ട് കേറി കോര്‍ത്താരുന്നു...."
"ങ്ഹാ... എന്നിട്ട്..."
"വെള്ളമടി കേസ് തന്നെ.. ഒന്നുംരണ്ടും പറഞ്ഞ് ഒടക്കി. അവന്‍ കൊറേ തെറി വിളിച്ചു. ഞാന്‍ അതിന്‍റപ്പറം പറഞ്ഞു. അവസാനം അവനൊതുങ്ങി, വിട്ടു പോയി. "

"ആ സുഭാഷിന്റെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോന്റെ കാര്യമായിരിക്കും പറയുന്നെ... അളിയാ നീ ഭയങ്കരന്‍ തന്നെ.. "
"ഹഹഹഹഹഹ" (കൂട്ടച്ചിരി)

സംഘത്തില്‍ ഉപേക്ഷിക്കേണ്ടത് എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞുതുടങ്ങുന്നു ഞാന്‍ .. 

Friday, May 11, 2012

                                  ആറരക്കാലിയുടെ ജാതി


"അമ്മേ... അവിടൊരെട്ടുകാലി ഇരിക്കുന്നു.."
"ചെരുപ്പ് വച്ചടിച്ചു കൊല്ലടാ അതിനെ "
 "അമ്മ കൊല്ല്..."

"ചേട്ടാ .... ബാത്രൂമില്‍ ഒരെട്ടുകാലി ഇരിക്കുന്നെന്ന്.. ഒന്നടിച്ചു കൊന്നേ.. എന്‍റെ കയ്യില്‍ മാവ് പറ്റിയിരിക്കുവാ.."

        ഏല്‍പ്പിച്ചിരിക്കുന്നതൊരു കൊലപാതക ദൌത്യമാണ്, അതും  ഇക്കാര്യത്തില്‍ ഭര്‍ത്താവിന്‍റെ താല്പര്യമില്ലായ്മ അറിഞ്ഞുകൊണ്ട് തന്നെ. മക്കളുടെ സംരക്ഷണാര്‍ഥം ഒരു പിതാവിന്  തന്‍റെ ആദര്‍ശങ്ങളില്‍ മായം കലര്‍ത്തേണ്ടി വരുന്നു. കീഴ്വഴക്കം നോക്കുകയാണെങ്കില്‍ അഹിംസയും മൃഗസ്നേഹവുമൊക്കെ പരമസാത്വിക ജന്മങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അതായത് വല്ല ബുദ്ധനോ യേശുവോ അതുപോലുള്ള മറ്റ് ഗുരുക്കന്മാര്ക്കോ ഒക്കെ. എങ്കിലും അവനവനെ കൊണ്ട് ആകുന്ന രീതിയില്‍ ഇവരുടെയൊക്കെ പാത പിന്തുടരാം എന്ന് വിചാരിക്കുമ്പോള്‍ തടസ്സങ്ങള്‍ ഏറെ. യവനിക എന്ന സിനിമയിലെ ഒരു ഡയലോഗ് ഓര്‍ത്തെടുക്കുകയാണെങ്കില്‍ 'കുറ്റകൃത്യങ്ങള്‍ക്ക് ഒരു ധീര സാഹസികതയുടെ പരിവേഷമുണ്ടെന്നും' ആ പരിവേഷം പുരുഷലക്ഷണമായി കാണുന്ന സ്ത്രീകളില്‍ സ്വപത്നിക്കും സ്ഥാനമുണ്ടാകുമോ എന്ന ആശങ്കയുടെ, വന്യചിന്തകളുടെ ഫലമായി കൊലപാതകദൌത്യം ഏറ്റെടുക്കുവാന്‍ ഗൃഹനാഥന്‍ തീരുമാനിച്ചു.       
       
          വായിച്ചുകൊണ്ടിരുന്ന പത്രം മടക്കിവച്ചിട്ടു കസേരയില്‍ നിന്നുമെണീറ്റു.  ബാത്രൂമിന്‍റെ വാതുക്കല്‍ സ്വപുത്രന്‍ ഒരു കൊലപാതകം കാണുവാനുള്ള കൌതുകത്തോടെ നില്‍ക്കുന്നു. എട്ടു വയസ്സുകാരന് എട്ടുകാലിയെ പേടി. ഹേ പുത്രാ.. എവിടൊക്കെയോ വായിച്ചറിഞ്ഞ അദ്വൈതദര്‍ശനങ്ങള്‍ അനുസരിച്ച് നീയും ആ എട്ടുകാലിയും രണ്ടല്ല. മറിച്ചുള്ള ഭേദചിന്തയാണ് പേടിയുണ്ടാക്കുന്നത്. ആ എട്ടുകാലി നിന്‍റെ ആത്മാവിനെ പൂര്‍ത്തിയാക്കുന്നു. ഇവനെന്നാണോ ഇതൊക്കെ പഠിക്കുന്നത്. അതുവരെ ഈ പിതാവിന്‍റെ കൊലപാതകപരമ്പര തുടരുമോ ?
          
           ബാത്രൂമില്‍ കയറി. അതാ ഒരു മൂലയ്ക്ക് ഘടാഘടിയനായ നമ്മുടെ എട്ടുകാലി ഒരു പാറ്റയെ കൊന്ന് അതിന്‍റെ മുകളില്‍ കയറി  ഇരിക്കുന്നു. ഉടലിന് നല്ല വലിപ്പവും ശക്തിയും ഉണ്ട്. മൊത്തത്തില്‍ ഒരു വില്ലന്‍ ലുക്ക്. ഇപ്പോള്‍ ഈ കൊലപാതകത്തിന് ഒരു ഉദ്ദേശശുദ്ധി കൈവന്നപോലെ തോന്നുന്നു. മകന് സ്വസ്ഥമായി നിന്നു കുളിക്കുവാന്‍ നീ അനുവദിക്കില്ല എന്നുള്ള സ്വാര്‍ത്ഥ താല്‍പര്യമല്ല, മറിച്ച് നീ  മറ്റ് ജീവികള്‍ക്ക് ഭീഷണിയുണ്ടാക്കുന്നു എന്ന കാരണത്താല്‍ നിന്നെ കൊല്ലുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ധര്‍മ്മസംസ്താപനം. ഇനി വേണ്ടത് ആയുധമാണ്. കക്കൂസ് വൃത്തിയാക്കുന്ന ബ്രഷ് ഇങ്ങെടുത്തു. നരകയാതന അനുഭവിപ്പിച്ചു കൊല്ലുവാന്‍ മോഹമുദിച്ചത് അപ്പോഴാണ്‌. ബ്രഷ് അവിടെ വച്ചു. ബക്കറ്റില്‍ വെള്ളം നിറച്ചു. അവന്‍ ഒരു സുനാമിയെ എങ്ങനെ നേരിടുന്നു എന്ന് നോക്കാം. ആ വെള്ളമെടുത്ത് ശക്തമായി അവനിരിക്കുന്ന ദിശയിലേക്കൊഴിച്ചു. ആഹാ... എന്ത് രസമുള്ള കാഴ്ച.

            എട്ടുകാലി ഓവിരിക്കുന്ന മൂലയിലേക്ക് തിരമാലകളോടൊപ്പം പൊങ്ങിയും താഴ്ന്നും സഞ്ചരിച്ച് ഭിത്തില്‍ ചെന്ന്  ഇടിച്ചു കിടന്നു. ഒരു നിമിഷം കാലുകള്‍ കൊണ്ട് ശരീരത്തെ മൂടി മലര്‍ന്നു കിടന്ന അദ്ദേഹം പെട്ടെന്ന് ഒരു യോദ്ധാവിനെ പോലെ ചാടിയെണീറ്റ് കൊലയാളിയുടെ അടുത്തേക്ക് .വേഗതയില്‍ പാഞ്ഞു. ശൌര്യം വര്‍ദ്ധിച്ച് ഗൃഹനാഥന്‍ അവിടെയിരുന്ന ബ്രഷ് എടുത്ത് തന്‍റെ നേരെ പാഞ്ഞു വന്ന യോദ്ധാവിനെ അടിച്ചു പഞ്ചറാക്കി. ആ അടിയില്‍ ശൂരനായ യോദ്ധാവിന് ഒരു കാലും മറ്റൊരു കാലിന്‍റെ പകുതിയും നഷ്ടപ്പെട്ടു. ജീവനും പോയോ എന്ന സംശയം ബലപ്പെട്ടു. നിശ്ചലമായ അവസ്ഥ.

"കേറി കുളിച്ചോ.. ഞാന്‍ അതിനെ പിന്നെ എടുത്ത് കളഞ്ഞോളാം."
പുറകില്‍ ഇത് കണ്ടുകൊണ്ടു നിന്ന പുത്രന്‍റെ മുഖത്ത് ഒരു തെളിച്ചം.

       ഗൃഹനാഥന്‍ കസേരയില്‍ വന്നിരുന്ന് പത്രവായന തുടര്‍ന്നു. വായനയ്ക്കിടയില്‍ മനസ്സില്‍  ചെറുതായി  അസ്വസ്ഥത കടന്നുകൂടി. എന്താ ഇതിപ്പോ ഇങ്ങനെ. ഒരു എട്ടുകാലിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ കുറ്റബോധം തോന്നുന്നതിന് ഒരു പരിധിയുണ്ട്. ഒരുറുംബിനോ അല്ലെങ്കില്‍ കൊതുകിനോ ഒക്കെ കൊടുക്കുന്ന അത്ര. പിന്നെയത് കോഴി, പൂച്ച, പട്ടി എന്നിവയൊക്കെയാകുമ്പോഴേക്കും ആഴം കൂടും. അങ്ങനെയൊക്കെയാണ് പൊതുവേ നാട്ടുനടപ്പ്. ഇതൊരു അദ്വൈതിക്ക് ചേര്‍ന്നതല്ലല്ലോ. പക്ഷേ സ്വാഭാവികചിന്ത അങ്ങനെയാണ് കടന്നുവരുന്നത്. അത് പോരാ. വലിയ മഹാത്മാക്കളൊക്കെ എല്ലാ ജീവനും വിലപ്പെട്ടതെന്ന് പറഞ്ഞു തന്നിട്ടുണ്ട്. അപ്പോള്‍ ചെയ്തത് മഹാപരാധം തന്നെയെന്നുറപ്പിച്ചു. പത്രമെടുത്ത് മാറ്റിവച്ച്  ചിന്ത വഴി കുറച്ച് കുറ്റബോധവും കൂടി കുഴിച്ചെടുത്ത് ഭാവി അദ്വൈതി വ്യസനപ്പെടുവാന്‍ തുടങ്ങി.

        ആ ജീവിയെ കൊല്ലേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. അതിനറിയാവുന്ന രീതിയില്‍ വേട്ടയാടി ജീവിച്ചുകൊണ്ടിരുന്നപ്പോള്‍ സങ്കുചിതമായ വീട്, കുടുംബം എന്ന ചട്ടക്കൂടിലേക്ക്‌ ഒതുങ്ങി ചിന്തിച്ച ഒരു ഗൃഹനാഥന്‍റെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ രക്തസാക്ഷിയാവുകയായിരുന്നു ടിയാന്‍. അങ്ങനെ ആവാസവ്യവസ്ഥിതിയിന്‍മേലുള്ള കടന്നാക്രമണത്തില്‍ വീരമൃത്യു വരിച്ച എട്ടുകാലി പരമ്പരയിലെ ഒടുവിലത്തെ കണ്ണി. ഒരു പ്രവാചകസ്വരൂപം ആയിരുന്നോ അദ്ദേഹം ? ആ വ്യക്തിത്വത്തിനെ ആരാധിക്കപ്പെടുന്ന രീതിയില്‍ രചന നടത്തുവാന്‍ പ്രാപ്തിയുള്ള ഒരു അനുയായി കൂടി ഉണ്ടായിരുന്നെങ്കില്‍ പ്രവാചകന്‍റെ പേരില്‍ ഒരു എട്ടുകാലി മതം ഉയര്‍ന്നേനെ . മനുഷ്യജന്മം വേട്ടയാടപ്പെടേണ്ട ഒന്നായും എഴുതപ്പെട്ട്‌ മതമൌലികവാദികള്‍ തലമുറകളോളം മനുഷ്യവേട്ടയ്ക്ക് ആഹ്വാനം നല്‍കി വന്നേനെ. ചെറിയ കുറ്റബോധം ഒരു പരിഹാസചിന്തയായി വളര്‍ന്നു ഗൃഹനാഥന്‍റെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവന്നു.

  "അച്ഛാ.. അത് ചത്തിട്ടില്ല. ക്ലോസെറ്റിന്‍റെ പുറകിലേക്ക് കയറിയിട്ടുണ്ട്.."
കുളി കഴിഞ്ഞെത്തിയ മകന്‍റെ വാക്കുകള്‍ തെല്ലൊരു അമ്പരപ്പ് ഉളവാക്കി. എട്ടുകാലി പുലിയാണല്ലോ...വെറുതെയോര്‍ത്തു.

      പുത്രന്‍ ഒരുങ്ങി സ്കൂളില്‍ പോയി. കുറച്ച് നേരം TV യൊക്കെ കണ്ടുകൊണ്ടിരുന്ന ഗൃഹനാഥനില്‍ തൂറാമ്മുട്ടല്‍ തലപൊക്കിത്തുടങ്ങി. അപോ ആ ക്രിയയങ്ങ് നടത്തുക തന്നെ. കൂട്ടത്തില്‍ മുറിവേറ്റ ആ പ്രവാചകനെയും കൊന്നേക്കാം.ഉയര്‍ത്തെഴുന്നേല്‍ക്കുമോന്ന് അറിയണമല്ലോ. അഥവാ അങ്ങനെ അവതരിച്ചാല്‍ ഈ മനുഷ്യജന്മം ആ മതം പ്രചരിപ്പിക്കുവാന്‍ ഉഴിഞ്ഞുവച്ചോളാം. ഈ പാസ്ടര്‍ മനു മേനോന്‍ എന്നൊക്കെ  പറയുന്നത് പോലെ എട്ടുകാലിമത പ്രചാരകനായി ഒരു ഇരുകാലി.

       ബാത്രൂമില്‍ കയറി വാതിലടച്ചു. യൂറോപ്യന്‍റെ പുറകിലിരിക്കുന്ന ഒളിപ്പോരാളിയെ വകവരുത്തിയാല്‍ സ്വസ്ഥമായി ട്രെയിന് പച്ചക്കൊടിയും കാണിച്ചിട്ട് ഇരിക്കാം. ബക്കറ്റില്‍ നിന്നും കുറെ വെള്ളമെടുത്ത് ക്ലോസറ്റിന്റെ പിന്‍ഭാഗങ്ങളിലേക്ക്  ശക്തിയായി ഒഴിച്ചു. ടിയാന്‍ വന്നില്ല. പിന്നെയും ഒഴിച്ചു. അവിടെയുള്ള ലക്ഷണം കാണുന്നില്ല. വല്ലവിധേനയും രക്ഷപ്പെട്ടുകാണും. ങ്ങ്ഹാ... പോട്ടെ. അങ്ങനെ ആസനസ്ഥനായി ഒന്നരക്കാല് നഷ്ടപ്പെട്ട പ്രവാചകന്‍റെ  ഭാവിയെക്കുറിച്ച്  ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ മുന്നിലേക്ക്‌ വെറുതെ ഒരു നോട്ടം പോയി. അതാ തൊട്ടുമുന്‍പില്‍ കതകിന്‍റെ അരികിലായി അദ്ദേഹം നില്‍ക്കുന്നു. അനക്കം തീരെയില്ല. ക്ഷീണിതനാണ്. എന്തായിരിക്കാം പ്രവാചകന്‍റെ ഭാവം ?
                
                                               ശാന്തം
പ്രവാചകന്‍ സാത്വികനാണ്. മനുഷ്യജന്മങ്ങളോട് എന്നും ഒരു വിധേയനെപ്പോലെ പെരുമാറിയിട്ടും ഇങ്ങനൊരു ദുരന്തം നേരിട്ടല്ലോ എന്ന ആ വിഷമത്തില്‍ ഗൃഹനാഥനും പങ്ക് ചേരുന്നു. ഇതിലൂടെ പ്രവാചകന്‍ ഗൃഹനാഥന് പ്രിയപ്പെട്ടവനാകുന്നു. പ്രവാചകന്‍റെ കുലമാകട്ടെ അദ്വൈതിയായ ഗൃഹനാഥന്‍റെ അനുഗ്രഹാശിസ്സുകളോടെ ശ്രേഷ്ടമായ ധര്‍മ്മപരിപാലനം, അതായത് മനുഷ്യസേവ നടത്തി മുക്തി നേടി  സവര്‍ണ്ണ പരിവേഷം കൈവരിക്കും. അപ്പോള്‍ പ്രവാചകന്‍ കുലദൈവവും ഗൃഹനാഥന്‍ പ്രപഞ്ചനാഥനുമാകും. 

                                                രൌദ്രം
പ്രവാചകന്‍ പോരാളിയാണ്. അവന്‍റെ സിരകളിലൂടെ പക തിളച്ചുമറിയുന്നു. ഈ മുറിവുകള്‍ ഒന്ന് കരിഞ്ഞിരുന്നുവെങ്കില്‍ കുലദ്രോഹികളായ   ഗൃഹനാഥനെയും  കുടുംബത്തെയും ആക്രമിക്കാമായിരുന്നു എന്ന ചിന്ത മാത്രം. പ്രതികാരം ചെയ്യുമെന്നുറപ്പുള്ള , വര്‍ണ്ണാശ്രമധര്‍മ്മങ്ങളെ പാടെ നിരാകരിക്കുന്ന ഈ ജന്തുവിനെ നോവിച്ചു വിട്ടതില്‍ ഗൃഹനാഥന്‍ അസ്വസ്ഥനാകുന്നു. കൊല്ലുക തന്നെ. അതെ, പ്രപഞ്ചനാഥനോട്   പ്രതികാരബുദ്ധി പ്രകടിപ്പിച്ചു എന്ന കാരണം കൊണ്ട് സ്വധര്‍മ്മങ്ങളിലുണ്ടായ വീഴ്ച ഈ എട്ടുകാലി കുലത്തിനെ അവര്‍ണ്ണരായി മാറ്റും. ഗൃഹനാഥനും പിന്നെ മനുഷ്യനോടുള്ള വിധേയത്വം കൊണ്ട് സവര്‍ണ്ണരായ പട്ടിക്കും പൂച്ചക്കും വരെ അടിമകളായി ജീവിക്കുന്നതാണ് ഇനി എട്ടുകാലിയുടെ കുലധര്‍മ്മം.

      ചിന്താലോകത്ത്‌ നിന്നും ക്ലോസറ്റില്‍ നിന്നും ഗൃഹനാഥന്‍ എണീറ്റു. അവിടെയായി ഇരുന്ന toilet ബ്രഷ് കൊണ്ട് ഒറ്റയടിക്ക് തന്നെ പ്രവാചകന്‍റെ കഥ തീര്‍ത്തു. നേരമ്പോക്ക് ചിന്തകളെയും അവിടെ ഉപേക്ഷിച്ചു.

       രണ്ട് ദിവസം കഴിഞ്ഞ് പ്രഭാതത്തിലുള്ള തീവണ്ടിക്ക് പച്ചക്കൊടി കാണിച്ചിട്ട് ഗൃഹനാഥന്‍ അങ്ങനെ ഇരുന്നപ്പോള്‍ തൊട്ടു മുന്‍പില്‍ അതേ സ്ഥലത്ത് നില്‍ക്കുന്നു, അതേ ഗണത്തില്‍പെട്ട  ഘടാഘടിയനായ ഒരു എട്ടുകാലി. ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യം അദ്വൈതിയുടെ മനസ്സിലേക്ക് വീണ്ടും ഇരച്ചുകയറി.

ആ ആറരക്കാലി സവര്‍ണ്ണനോ അതോ അവര്‍ണ്ണനോ ?