Saturday, June 4, 2011

അതിര്‍ത്തി നിര്‍ണ്ണയങ്ങള്‍

വീടിന് മുന്‍പിലുള്ള വഴിയില്‍ കുറച്ചു ആളുകള്‍ നിന്ന് ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ നഷ്ടപ്പെട്ടത് എന്‍റെ ഉറക്കമാണ്. എഴുന്നേറ്റ് ഉമ്മറത്ത്‌ വന്നു നോക്കിയപ്പോള്‍ സംസാരിച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അച്ഛനുണ്ട്, അയല്‍പക്കത്തുള്ള അമ്മാവന്മാരുണ്ട്, മറ്റയല്‍ക്കാരും പിന്നെ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത ഏതോ വലിയ കമ്പനിയിലെ ഉദ്യോഗസ്ഥരെന്നു തോന്നിക്കുന്ന ചിലരുമുണ്ട്. എന്താണാവോ തര്‍ക്കവിഷയം ? നാലാള്‍ കൂടി നിന്ന് സംസാരിക്കുമ്പോള്‍ ആ വിഷയമെന്തെന്നറിയാന്‍ എന്നേക്കാള്‍ ഉത്സാഹം കാണിക്കാറുള്ള അമ്മയതാ സര്‍വജ്ഞപീഠം കയറിയ ഭാവത്തില്‍ മുറ്റമടിക്കുന്നു. ഹാ.. കാര്യങ്ങള്‍ എളുപ്പമായി.
“എന്താമ്മേ അവിടെ ?”
“ഉം....?...ങ്ഹാ....അവര് കുറച്ചു പേര് ഏതോ കമ്പനിയിലെ ആളുകളാ. സ്ഥലത്തിന്‍റെ അതിര്‍ത്തി നോക്കാനോ തിട്ടപ്പെടുത്താനോ....ആ..”
അമ്മ മുറ്റമടി തുടര്‍ന്നു.
“ഓ..ഒരു ജാഡ..”
“എടാ നിനക്കറിയണേല്‍ ദാണ്ടവരവിടെ നില്‍ക്കുവല്ലേ.. പോയി ചോദിക്ക്”
ഇത്ര കടുപ്പത്തില്‍ പറയണമെങ്കില്‍ അമ്മ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, മാത്രമല്ല അറിഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് ഗുണം ചെയ്യാത്തവയുമായിരിക്കണം. അവരുടെ ഇടയില്‍ അച്ഛന്‍റെ സാന്നിധ്യം അതാണ്‌ സൂചിപ്പിക്കുന്നത്. എന്തായിരിക്കും കാര്യം ? അമ്മയോടിനി അക്കാര്യം ചോദിച്ചറിയാന്‍ തല്‍ക്കാലം ആത്മാഭിമാനം അനുവദിക്കുന്നില്ല. ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുക തന്നെ. അകത്തു പോയി ഷര്‍ട്ട് എടുത്തിടുമ്പോള്‍ ചിന്തയില്‍ ഊഹങ്ങള്‍ പെരുകി. അതിര്‍ത്തി എന്ന് പറയുമ്പോള്‍ നിയമസഭാ മണ്ഡലങ്ങളുടെതായിരിക്കും, പക്ഷെ അത് കഴിഞ്ഞതാണല്ലോ. മാത്രവുമല്ലാ ഈ ജില്ലയില്‍നിന്ന്‌ രണ്ടു മണ്ഡലങ്ങള്‍ കൊഴിഞ്ഞു പോകുകയും ആളുകള്‍ പെരുകിക്കൊണ്ടിരിക്കുന്ന മലപ്പുറത്ത്‌ അത്ര തന്നെ കൂടുകയും ചെയ്തു. മുസ്ലിംലീഗിന് നേട്ടം. അങ്ങനെ രാഷ്ട്രീയം കലര്‍ന്ന ചിന്തയുമായി ഞാന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാറില്‍ കയറി സ്ഥലം വിടുന്ന കാഴ്ചയാണ് കണ്ടത്.
അച്ഛന്‍ വീട്ടിലേക്കു വന്നു കയറി. അമ്മയെവിട്ട് അച്ഛനോടുള്ള കൂറ് പ്രകടിപ്പിക്കുവാന്‍ ഇത് തന്നെ തക്കം.
“നമ്മുടെ വീടിരിക്കുന്ന അതേ വരിയില്‍ തന്നെയാ ജോണിയുടെയും കുര്യന്റെയുമൊക്കെ വീടുകള്‍, പിന്നെ നമ്മുടെ മാത്രമെന്താ അതില്‍ വരാത്തതെന്നാ ഞാന്‍ ആലോചിക്കുന്നെ”
“കമ്പനിക്കാര് എന്നാ പറഞ്ഞു?”
“എന്തോ..സാറ്റലൈറ്റ് വഴിയാണ് ഇവര് അതിര്‍ത്തി നിശ്ചയിക്കുന്നതെന്നോ...എന്തൊക്കെയോ..”
“നമ്മുടെ മുറ്റം മാത്രമവരെടുത്താല്‍?”
“ങ്ഹാ..ആ സ്ഥലത്തിന്‍റെ വില തരും.. പക്ഷെ നമുക്ക് ഗുണം അതല്ലല്ലോ... ഞാന്‍ കുറെ പറഞ്ഞു. നാളെ വരാമെന്നു പറഞ്ഞ് അവര് പോയി. ഇനി ഞാന്‍ പോയി കുളിക്കട്ടെ.. എണ്ണ തേച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.”
എനിക്കൊന്നും മനസ്സിലായില്ല. എന്താണീ ശരിക്കുള്ള ഗുണം?.എന്തിന്‍റെ അതിര്‍ത്തിയാണ് അവര് സാറ്റലൈറ്റ് വഴി നിശ്ചയിച്ചത്‌. വല്ല വിമാനത്താവളവും ഇവിടടുത്ത് വരുന്നുണ്ടോ ആവോ? ഓ... വട്ടാകുന്നു.പത്തി താഴ്ത്താം. അതാ ബുദ്ധി.
“എന്താമ്മേ കാര്യം ഞാനും കൂടിയൊന്നറിയട്ട്.”            
“അറിഞ്ഞിട്ടിപ്പോ എന്ത് ചെയ്യാനാ... പോത്ത് പോലെ കിടന്നുറങ്ങിക്കഴിഞ്ഞാല്‍ കുടുംബത്തില്‍ നടക്കുന്നതിനെപറ്റിയൊന്നും ചിന്തിക്കണ്ടല്ലോ... അവിടെ അനീഷും ബിജുവുമൊക്കെ നിന്നെപ്പോലെതന്നെയല്ലേ... ഇങ്ങനെ ഉത്തരവാദിത്വബോധമില്ലാത്ത ഒരുത്തന്‍...”
“പിന്നെ..വീട്ടില്‍ നിന്ന് എന്നേക്കാള്‍ നന്നായി പൈസ അടിച്ചെടുക്കാന്‍ അവന്മ്മാര്‍ക്കറിയാം.. ആ ഒരു കാര്യത്തിലെ എനിക്കിതുവരെ അവരോടു അസൂയ തോന്നിയിട്ടുള്ളൂ....വെളുപ്പാന്‍കാലത്ത് ഉത്തരവാദിത്വബോധം പഠിപ്പിക്കുന്നു ..അമ്മ പറയുന്നേ പറ...”
“എടാ.. സ്മാര്‍ട്ട്‌സിറ്റിയുടെ പുതിയ കരാര്‍ അനുസരിച്ച് ആലപ്പുഴയും പിന്നെ പത്തനംതിട്ട ജില്ലയിലെ ചില താലൂക്കുകളും UAE യുടെ ഭാഗമാകും. നമ്മുടെ വീടിരിക്കുന്ന ഈ വരിയില്ലേ... ഇതാണവരുടെ കിഴക്ക് അതിര്‍ത്തി”
“എന്ത് ???” “UAEയുടെ ഭാഗമോ... അതായത് വേറൊരു രാജ്യത്തിന്‍റെ ഭാഗം...” ഇവര്‍ക്കൊക്കെ വട്ടാണോ ...
“അമ്മയെന്തുവാ ഈ പറയുന്നേ..ടീകോം എന്ന കമ്പനിയുമായല്ലേ കരാര്‍. UAE യുമായിട്ടല്ലല്ലോ?”
“ങ്ഹാ...ദുബായ് ഗവണ്‍മെന്‍റ്റിനും ഇതില്‍ പങ്കുണ്ടെന്നാ പറയുന്നേ...
എന്തായാലും ദുബായിയുടെ ഭാഗമായാല്‍ പിന്നെ ഇവിടെയൊക്കെ  ദറംസാ... രൂപയേക്കാള്‍ മൂല്യം. പക്ഷെ നമുക്കതിനുള്ള ഭാഗ്യമില്ലെന്നാ തോന്നുന്നെ. ദാ ഈ മുറ്റം വരെയാ അതിര്‍ത്തി.നമ്മുടെ വീടതില്‍പെടില്ല. നിന്‍റമ്മാവന്മാരൊക്കെ ഇനി ദുബായിക്കാരാ .”
എന്ത്‌ യുക്തിയില്ലായ്മ്മയാണിത്. ഇവര്‍ക്കൊക്കെ ഇതെന്തുപറ്റി? ജനഹിതം വകവെക്കാതെ മറ്റൊരു രാജ്യത്തിന്‌ ഒരു പ്രദേശത്തെയാകെ വില്‍ക്കുകയോ, കാഷ്മീര്‍പോലും ദശാബ്ദങ്ങളായി തര്‍ക്കത്തില്‍ കിടക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് നിക്കുന്നയിടം ദുബായിയുടെ ഭാഗമോ... അഥവാ അങ്ങനെയാണെങ്കില്‍ തന്നെ അതിര്‍ത്തിക്കപ്പുറമിരിക്കുന്നവര്‍ക്ക് നിരാശപാടുണ്ടോ?... ഇന്ത്യയുടെ അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ദറംസ് കാണുമ്പോള്‍ സ്വന്തം രാജ്യത്തെ തന്നെ മറക്കുമോ... ദൈവമേ ഈ പ്രദേശത്ത് എനിക്ക്‌ മാത്രമേയുള്ലോ രാജ്യസ്നേഹം?.. അങ്ങനെ തല പുകഞ്ഞുകൊണ്ടിരിക്കെ അതാ വരുന്നു പുത്തന്‍ ദുബായ്ക്കാര്‍ എന്ന് അമ്മ വിശേഷിപ്പിച്ച അമ്മാവന്മാരുടെ മക്കള്‍ അനീഷും ബിജുവും. വിപ്ലവവീര്യമുള്ള ചെറുപ്പക്കാര്‍. ഇവരുമായി സംഘടിച്ച് ഒരു രണ്ടാം ‘ക്വിറ്റ്‌ ഇന്ത്യ’ സമരത്തിന്‌ തിരി കൊളുത്തിയാലോ ? ഇവിടത്തെ ചെറുപ്പക്കാര്‍ പ്രതികരണശേഷിയുള്ള ചുണക്കുട്ടന്മാരാണെന്ന് ദുബായ് ഗവണ്‍മെന്റ് അറിയട്ടെ.
“ടാ കൊച്ചേ...കാപ്പികുടിയൊക്കെ കഴിഞ്ഞോ..?”
“പല്ല് പോലും തേച്ചിട്ടില്ല ...നിങ്ങളെ രണ്ടു പെരേം അവന്മാര് വന്നപ്പോ കണ്ടില്ലായിരുന്നെല്ലോ..ആ കമ്പനിയിലെ ആളുകള്‍...ഓടിക്കണ്ടായിരുന്നോ പട്ടികളെ..?”
“ഹഹ... എന്തിന്?”
“പിന്നെ. നമ്മളോട് ചോദിക്കാതെയാണോ ഇതൊക്കെ തീരുമാനിക്കുന്നത്. ഇതൊക്കെ protest ചെയ്യേണ്ട കാര്യം തന്നെയാ. അല്ലാ..നിങ്ങള്‍ക്കിതൊന്നും തോന്നാത്തതെന്താ ? ബസിലെ കണ്ടക്ടര്‍ സ്കൂള്‍പിള്ളേരെ ഒന്ന് തുറിച്ചു നോക്കിയാല്‍ അതിനും സമരം നടത്തിയിട്ടില്ലെ രണ്ടും? ഇതെന്നാ അതിലും പ്രാധാന്യം കുറഞ്ഞ വിഷയമാണോ ? നിങ്ങള്‍ ശരിക്കും കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ?”
“എല്ലാമറിഞ്ഞു മോനേ.. ഇവിടെ രാവിലെ എന്തുവാ കഴിക്കാന്‍? പുട്ടാണോ ?”
“രാവിലത്തെതൊന്നുമായിട്ടില്ല..” മുറ്റമടിച്ചുതീര്‍ന്ന് ഇതും പറഞ്ഞിട്ട് അമ്മ അകത്തേക്ക് കയറിപ്പോയി. അത്ര സുഖകരമായ ഒരു മറുപടിയല്ലല്ലോ അമ്മയുടേത്. സാധാരണ ഗതിയില്‍ പ്രാതലിന് എന്ത് തന്നെയായിരുന്നാലും ഇവര്‍ക്കും കൂടിയുള്ളത് അമ്മ കരുതിയിരിക്കും. ഇവര്‍ ചോദിക്കുന്നതിനു മുന്‍പ് തന്നെ അകത്തേക്ക് വിളിച്ചു വിളമ്പി കൊടുത്തിരിക്കും. ഇതിപ്പോ എന്താ പറയുകാ.. വല്ലാത്ത ഒരു അവസ്ഥ..
“വാടാ നമുക്ക് കവലയിലോട്ടു പോകാം”
“ഹാ നിങ്ങള്‍ പോവാണോ.. ഇതെല്ലാം അറിഞ്ഞിട്ടും നിങ്ങള്‍ മിണ്ടാതിരിക്കുന്നതെന്താന്ന്..?”
“എടാ കൊച്ചനേ..സുദാനോ സോമാലിയയോ അല്ലല്ലോ ഇവിടം ഏറ്റെടുത്തിരിക്കുന്നത്, ദുബായ് അല്ലേ.. അപ്പോ നമ്മുടെയൊക്കെ മതിപ്പ് ഇത്തിരി കൂടും. നിങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നു വച്ച് കെറുവിച്ചിട്ടു കാര്യമില്ല.”
“കേറുവോ.......ഇതിനോ...... ഉം.....നിങ്ങള്‍ ചെല്ല് ചെല്ല്..”
ഇവര്‍ക്കുണ്ടായ മാറ്റം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഭൌതികമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ആദര്‍ശങ്ങള്‍ അടിയറവയ്ക്കുക, ലജ്ജയില്ലേ ഇവര്‍ക്ക്. പ്രതികരിക്കുക തന്നെ. പക്ഷെ ഞാന്‍ ഒറ്റയ്ക്ക്..എങ്ങനെ..? അധിനിവേശത്തിനെതിരെ ഞാന്‍ ശബ്ദമുയത്തിയാല്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന മട്ടിലേ മറ്റുള്ളവര്‍ നോക്കിക്കാണു. ഞങ്ങളുടെ പുരയിടവും അതിര്‍ത്തിക്കുള്ളിലായിരുന്നെങ്കില്‍ എന്റെ പ്രക്ഷോഭങ്ങള്‍ക്ക് ഒരു ത്യാഗത്തിന്റെ മാനം വന്നു ചേര്‍ന്നേനെ. അല്ലാ.. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ ശബ്ദമുയര്‍ത്തുമായിരുന്നോ...?...അറിയില്ല.. ഇവരെല്ലാവരും ഇതിനെ ഒരു നേട്ടമായി കാണുന്നു. എന്തെങ്കിലുമൊക്കെ കാര്യമില്ലാതെ എന്നെക്കാള്‍ മുതിര്‍ന്നവരായ ഇവര്‍ അങ്ങനെ കാണില്ലല്ലോ. ചില ഗുണങ്ങള്‍ എനിക്കും വന്നു ചേരാതിരിക്കില്ല. പക്ഷേ എന്‍റെ രാജ്യം.. എന്‍റെ കേരളം....... ങ്ഹാ ഇതൊക്കെ ഇവിടെത്തന്നെയുണ്ടല്ലോ... ഇടയ്ക്കിടയ്ക്ക് വിസിറ്റ് നടത്താം. ഈശ്വരാ ഞാനും ഒരു ദുബായ്കാരനാകാന്‍ ഒരുങ്ങുകയാണോ?
സന്ധ്യയാവുന്നു. വീട്ടില്‍ അച്ഛനും അമ്മയ്ക്കും സംസാരിക്കുവാന്‍ ഇതേയുള്ളൂ വിഷയം. ഒരു വിപത്ത് എന്ന നിലയ്ക്ക് മനസ്സില്‍ കയറിക്കൂടി ഒടുക്കം ഒരു മോഹമായി വളരുകയാണ് ഈ അധിനിവേശം. ഞങ്ങളെയും ദുബായുടെ ഭാഗമാക്കുമോ? വീട്ടില്‍ ഇരുന്നിട്ട് ഒരു സമാധാനമില്ല. പുറത്തേക്കിറങ്ങിയാല്‍ പുത്തന്‍ ദുബായ്ക്കാരുടെ പത്രാസ് സഹിക്കാനും നിവര്‍ത്തിയില്ല. ജനാലക്കരികില്‍ വഴിയിലേക്കും നോക്കിയിരുന്നു. അതാ കുഞ്ഞമ്മാവന്‍ പോകുന്നു. പ്രത്യേകിച്ച് ഒരു പണിയും ചെയ്യാതെ ചീട്ടും കളിച്ച് നടക്കുന്നയാള്‍ടെ പൊങ്ങച്ചം വരെ ഇനി സഹിക്കണം. ഇദ്ദേഹമിനി ദറംസ് വച്ചായിരിക്കും ചീട്ട് കളിക്കുക. ഇന്നലെ വരെ എല്ലാവരും പരിഹാസത്തോടെ മാത്രം കണ്ടിരുന്ന ഈ കഥാപാത്രം പോലും നമ്മളേക്കാള്‍ കേമന്‍ എന്ന രീതിയില്‍ നടക്കുന്നു. ഇന്ന് ഇനിയിപ്പോ പുറത്തേക്കിറങ്ങുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. വൈകിട്ട് അത്താഴം കഴിഞ്ഞ് ഒരല്‍പ്പം പ്രതീക്ഷയും കുറെയേറെ വേവലാതികളുമായി കയറിക്കിടന്നു. ഉറങ്ങി.  
പരിചിതമല്ലാത്ത ഒരു ശബ്ദം കാതുകളിലേക്ക് തുളച്ചുകയറിയപ്പോള്‍ കഷ്ട്ടപ്പെട്ടു കണ്ണ്‍ തുറന്ന്‍ഇരുവശങ്ങളിലേക്കും നോക്കി. നേരം പുലര്‍ന്നിരിക്കുന്നു. ജനാലയിലൂടെ വെളിയിലേക്ക് നോക്കിയപ്പോള്‍ അതാ പറമ്പില്‍ ഒരു ഒട്ടകം നില്‍ക്കുന്നു. ദൈവമേ, ഇതെവിടെ നിന്ന് കെട്ടഴിച്ചു വന്നതാണ്‌?. ഇതിനു മുമ്പ് ഈ ജന്തുവിനെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?. “ഹഹഹഹഹ” ചെവി പൊട്ടുമാറ്  വീടിന്‍റെ ഉമ്മറത്തുനിന്ന് അട്ടഹാസം. മുന്‍വശത്തെക്കു ചെന്നപ്പോള്‍ കണ്ടത് കഴിഞ്ഞ ദിവസം ഇവിടെ വന്നു പോയ ഉദ്യോഗസ്ഥരും അച്ഛനും പിന്നെ ഒരു അറബിയും നിന്ന് എന്തോ തമാശ പറഞ്ഞു പൊട്ടിചിരിക്കുന്നതാണ്. അച്ഛന്‍ അറബിയുടെ ഭാഷയൊക്കെ മനസ്സിലായിട്ടാണോ ഈ ചിരിക്കുന്നത്. അപ്പോഴേക്കും അമ്മ വന്നു എല്ലാവരെയും പ്രാതലിനായി ക്ഷണിച്ചു. എല്ലാവരും അകത്തേക്ക് കയറി.
സന്തോഷം പകരുന്ന കാഴ്ചയാണിത്. എന്തോ നേട്ടമുണ്ടായിട്ടുണ്ട്. വീടിന്‍റെ പുറത്തുകൂടി പുറകുവശത്തുള്ള അടുക്കളയില്‍ എത്തി. അമ്മ ഭക്ഷണമെടുത്തുവെയ്ക്കുവാനുള്ള തിരക്കിലാണ്. എങ്കിലും അങ്ങോട്ടു ചോദിക്കാതെ അമ്മ എല്ലാം പറഞ്ഞുതന്നു. നമ്മളും ദുബായിയുടെ ഭാഗമായിരിക്കുന്നു! ഹാ.. മനസ്സിനൊരു കുളിര്‍മ. 
“ഈ വീടിനു പുറകുവശത്തേക്ക്‌ കൂടി അതിര്‍ത്തി നീട്ടി. പക്ഷേ നമ്മുടെ പുറത്തുള്ള  ബാത്ത്റൂം ഇരിക്കുന്ന സ്ഥലം ഇതില്‍ പെടില്ല. അത് കുറച്ചു മുന്‍പ് ആ കമ്പനിയുടെ ആളുകള്‍ വന്നു പൊളിച്ചു നിരപ്പാക്കി.”
അപ്പോഴാണ് ഞാന്‍ അതു ശ്രദ്ധിച്ചത്. അയ്യോ പ്രഭാത കര്‍മ്മങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. അതിനുള്ള ത്വര കയറിവരികയും ചെയ്യുന്നുണ്ട്. “അമ്മേ ഞാന്‍ എഴുന്നേറ്റതേയുള്ളൂ. രാവിലത്തെ പരിപാടികളൊന്നും നടന്നിട്ടില്ല. എനിക്കത്ത്യാവശ്യമായിട്ടൊന്നു കക്കൂസില്‍ പോണം.”   
“ഉച്ചയാകുമ്പോള്‍ ഓരോന്നെഴുന്നേറ്റു വന്നോളും”
“ഞാനെന്നാ അമ്മാവന്‍റങ്ങോട്ടു പോട്ടെ...”
“ആ ചെല്ല്... നിന്‍റമ്മാവന്‍മ്മാര് വേല വെച്ചതാ ഇന്നലെ നമ്മളെ ഇപ്പുറത്ത് നിര്‍ത്തിക്കൊണ്ടുള്ള അതിര്‍ത്തി ഉണ്ടായത്‌. അതിന്‍റെ ഒരു വഴക്ക് രാവിലെ കഴിഞ്ഞതേയുള്ളൂ.”
“അതിന്റിടയ്ക്ക് വഴക്കും ഉണ്ടായോ..? ഇനിയിപ്പോ ഞാന്‍ എന്നാ ചെയ്യണം.”
“നീ എങ്ങനാന്ന് വച്ചാ കാര്യം സാധിക്ക്. ഞാന്‍ അവര്‍ക്കീ ഭക്ഷണം ഒന്നെടുത്ത് കൊടുക്കട്ട്.”
അമ്മയാണത്രെ അമ്മ. ധനലബ്ദ്‌ധിയില്‍ മതിമറന്നിരിക്കുന്നു. ഈശ്വരാ... കടുത്ത പരീക്ഷണമാണല്ലോ...വായറൊന്നൊഴിക്കാഞ്ഞിട്ട് ഒരു രക്ഷയുമില്ല. വീടിനു കിഴക്ക് ഭാഗത്തുള്ള പറമ്പ്‌ ആരും കാണാതെ കാര്യം നടത്തുന്നതിന് യോഗ്യമാണോന്ന് നോക്കട്ടെ. ഓ... നാശം. അവിടെയാണല്ലോ ഒട്ടകം നില്‍ക്കുന്നത്. ഈ അറബികള്‍ പോകുന്നിടെത്തെല്ലാം ഒട്ടകങ്ങളെയും കൊണ്ടുപോകുമോ? ങ്ഹാ... അവരതിനെ അഴിച്ചുകൊണ്ടുപോകാന്‍ വല്ലോം വരുവാണെങ്കില്‍ എന്‍റെ പ്രകൃതിജീവനം കണ്ടു ഞെട്ടേണ്ട. ഭക്ഷണം കഴിഞ്ഞു അവര്‍ ഇതിനെ വന്നു കൊണ്ടുപോകട്ടെ. അത് വരെ എവിടെ കാത്തിരിക്കാം.
അമ്മോ... വയര്‍ പൊട്ടുന്നു. ഇവര് അവിടെന്തെടുക്കുവാ... ഓ... ശരീരമാകെ വിയര്‍ക്കുന്നു. കണ്ണുകള്‍ തളരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധി‘മുട്ട്’ ഇത് തന്നെ എന്ന് ഞാന്‍ തിരിച്ചറിയുന്നു. അഭിമാനവും അല്ലാത്ത മാനവും എല്ലാം ഇടിഞ്ഞുവീഴുമെന്ന് തോന്നുന്നു. അവസാനത്തെ വിളിയാണ്... “ദൈവമേ എന്നെ ഇതില്‍ നിന്നൊന്നു കരകയറ്റണേ.........”
എന്തോ വേദനയുടെ മൂര്‍ദ്ധന്യത്തില്‍ ഞാന്‍ കണ്ണുതുറന്നു. ഞാന്‍ മറ്റൊരു ലോകത്ത് എത്തിയിരിക്കുന്നു. തൊട്ടു മുന്‍പ് വരെ എന്നോടൊപ്പമുണ്ടായിരുന്നവര്‍, അല്ലെങ്കില്‍ എനിക്ക് ചുറ്റും നാടകം കളിച്ചവര്‍ ഇപ്പോഴെന്റെ കൂടെയില്ല എന്ന് ഞാന്‍ മനസ്സിലാക്കി. കുറെ വര്‍ഷങ്ങള്‍ കൂടി ഇന്ന് ഇത്തിരി non-veg കഴിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, വയറ്റില്‍ ചെറിയ ഒരു വേദന. കട്ടിലില്‍ നിന്നെഴുന്നേറ്റ് ലൈറ്റിട്ടു. സമയം വെളുപ്പിന് നാലര. വയറുവേദന മാറാന്‍ കുറച്ചു ദശമൂലജീരകാരിഷ്ടം എടുത്തു കുടിച്ച് വീണ്ടും വന്നു കിടന്നു. മറന്നു പോകുന്നതിനു മുന്‍പ് കണ്ടതൊക്കെയും ഒന്നോര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. സ്വപ്നങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് ട്രാജഡിയിലാണ്. ശരീരത്തിന്‍റെ അവസ്ഥയുമായി എന്തൊക്കെയോ ബന്ധമുള്ള രീതിയിലാണ് പലപ്പോഴും ആ നാടകരചനയും ആവിഷ്കാരവും നടക്കുക. ഭയവും ആസക്തിയും അസൂയയും ഒക്കെയാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇതാരാണ് നമ്മളെ കാണിക്കുവാന്‍ ശ്രമിക്കുന്നത്? നമ്മള്‍ തന്നെയോ? അതോ The Almighty എന്നൊക്കെ പറയപ്പെടുന്ന സംഭവമോ? അതോ ഇതൊന്നുമല്ലാതെ നമ്മള്‍ മറ്റ് ചിലരെയും കൂട്ട് പിടിച്ചു പരലോകത്തിലൂടെ നടത്തുന്ന ഹ്രസ്വസഞ്ചാരമാണോ ഈ സ്വപ്നം എന്ന് പറയുന്നത്? ഒന്നുമറിയില്ല.
ഇക്കാലമത്രയും താല്പര്യമില്ലാതിരുന്നിട്ടും ചില സാഹചര്യങ്ങള്‍ക്ക്, അല്ലെങ്കില്‍ പെട്ടന്നുണ്ടായൊരു ആസക്തിക്ക് കീഴ്പ്പെട്ട് മാംസഭോജിയായിത്തീര്‍ന്നത്‌ മുതല്‍ മനസ്സില്‍ കയറിക്കൂടിയ വിമ്മിഷ്ടം, ഒരു സ്വപ്നത്തിലൂടെ ചില കഥാപാത്രങ്ങളെയും ഒപ്പം കൂട്ടി അധിനിവേശത്തെ പുണരുവാന്‍ ശ്രമിക്കുന്നവനെ വേദനിപ്പിക്കുമ്പോള്‍, ഞാന്‍ തിരിച്ചറിയുന്നു ഈ ഉജ്ജ്വല നാടകങ്ങളെ, പിന്നെ എനിക്കായി നിര്‍ണ്ണയിച്ചിരിക്കുന്ന അതിര്‍ത്തികളെ.

Wednesday, January 12, 2011

ഒരു വിവാഹാലോചന

"എന്നും പ്രഭാതമെന്നോടു കൂടി ഇതില്‍ ജനിക്കും...
 എന്നും ത്രിസന്ധ്യ ചിതയൊരുക്കും... "
              ജീവിതചക്രം മാറ്റിമറിക്കുന്ന  ആശുപത്രികളില്‍ ഒന്നായ ശ്രിചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സന്ദര്‍ശകരുടെ ഹാളില്‍ ഇരുന്നുകൊണ്ട് വയലാറിന്‍റെ രചനയില്‍ സലില്‍ ചൌധരി ഈണമിട്ട ഈ ഗാനശകലം ടിവിയിലൂടെ കണ്ടുകൊണ്ടിരുന്നപ്പോള്‍ വല്ലാത്ത  ഒരു അനുഭൂതി ഉണ്ടായി. ചില സ്ഥലങ്ങളില്‍ നില്‍ക്കുമ്പോള്‍ ആ പരിസരവും സാഹചര്യങ്ങളും നമ്മളിലുണ്ടാക്കുന്ന തോന്നലുകള്‍ വല്ലാത്തതാണ്‌. ഡസന്‍ കണക്കിന് വസ്ത്രങ്ങള്‍ സ്വന്തമെങ്കിലും പുതിയ ഡിസൈനുകള്‍  തേടി പായുവാനുള്ള മോഹമോ, ഭാര്യയുടെ സാമീപ്യവും സ്നേഹവും കൊണ്ട് അനുഗ്രഹീതമെങ്കിലും പരസ്ത്രീകളെ വശീകരിക്കുന്നതില്‍ നിന്നു കണ്ടെത്തുന്ന ആനന്ദമോ, സ്വഭാവത്തിലും രൂപത്തിലും ജീവിതസാഹചര്യങ്ങളിലും ഉള്ള വ്യതാസങ്ങള്‍ മൂലം ഒരാള്‍ മറ്റൊരാളിന്മേല്‍ നേടുവാന്‍ ശ്രമിക്കുന്ന മേല്ക്കോയ്മയോ ഒന്നും തന്നെ കടുത്ത രോഗങ്ങളും മരണവും പ്രധാന വിഷയമായ ഇത്തരം സ്ഥലങ്ങളില്‍ നമ്മളുടെ ഭാഗമാകാറില്ല. ഒരു പക്ഷേ, മനുഷ്യന്‍റെ ഏറ്റവും സുന്ദരമായ മുഖം ദര്‍ശിക്കുവാനുള്ള അവസരം ഈ ആശുപത്രികളിലൂടെ നമുക്ക് ലഭിക്കുന്നു.
           ഈ ഹാളിലും പരിസര പ്രദേശങ്ങളിലുമായി ഇരുന്നുകൊണ്ട് മറ്റുള്ളവരെ നിരീക്ഷിക്കുമ്പോള്‍ ഇങ്ങനെയൊക്കെയങ്ങ് തോന്നി. കുറച്ചുംകൂടി കാട് കയറിയാല്‍ ഒരു തത്വചിന്തകനായി പരിണാമം സംഭവിച്ചേക്കാം. അത് തടഞ്ഞു കൊണ്ട്   ടീവിയില്‍ അതാ 'നാക്കുമുക്ക നാക്കുമുക്ക' എന്ന എന്‍റെ ഇഷ്ടപ്പെട്ട കൂത്ത്‌ പാട്ട് വരികയും തത്വമൊക്കെ തവിടുപൊടിയായി ഞാന്‍ അതില്‍ ലയിക്കുകയും ചെയ്തു. സുഹൃത്ത്‌ തൊട്ടടുത്ത്‌ തന്നെ ഇരുപ്പുണ്ട്‌. അവനും ടിവിയിലേക്ക് നോക്കിയിരിക്കുകയാണ്. പക്ഷേ, ഞങ്ങള്‍ രണ്ടു പേരും കാണുന്ന കാഴ്ചകള്‍ വ്യത്യസ്തമാണ്.  അവന്‍ കാണുന്നത് ഓര്‍മയില്‍ നിന്നുള്ള രംഗങ്ങളാണ്, അതും അച്ഛനോടോപ്പമുള്ള ഹൃദ്യമായ നിമിഷങ്ങള്‍. ഇടയ്ക്കിടയ്ക്ക് കൈകള്‍ നെഞ്ചോടു ചേര്‍ത്ത് തൊഴുതു പിടിക്കുന്നത്‌ കാണാം. അവന്‍ പ്രാര്‍ത്ഥിക്കട്ടെ.
           6-7 മണിക്കൂര്‍ നീളും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ ഹൃദയ ശസ്ത്രക്രിയ സമയം വച്ച് നോക്കുമ്പോള്‍ ഏതാണ്ട് പാതി വഴി പിന്നിട്ടു എന്ന് പറയാം. ഉച്ചയായി. പ്രത്യേകിച്ച് ഒരു പണിയും ചെയ്യാതെ നിരീക്ഷണവും ടിവി കാഴ്ചയും മാത്രമായി ഇരുന്നിട്ടും വിശപ്പിനൂ ഒരു കുറവുമില്ല. കടുത്ത ചിന്തയിലാണ്ടു പോയത്കൊണ്ട്  സുഹൃത്താകട്ടെ അതറിയുന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഹാളിലുള്ള ആളുകള്‍ ഉച്ചയൂണിനായി പുറത്തേക്കു പോകുവാന്‍ തുടങ്ങി. ഇതൊക്കെ കണ്ടപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു, "ഉണ്ണാം ?" , അത്ര ധൃതിയില്ല എന്ന് തോന്നിക്കും വിധം മുഖത്തൊരു ഭാവം വരുത്തിയെങ്കിലും അവന്‍ വിട്ടില്ല. "എടെ , വല്ലോം കഴിച്ചേച്ചു വരാം, മൂന്നുമണിക്ക് ബ്ലഡ്‌ എടുക്കേണ്ടതല്ലേ ?" .
          "ആ ശരിയാ .. പോയേക്കാം". ഉറ്റ സുഹൃത്തായിട്ടും അവനുമായിട്ടുള്ള ഇടപെടലുകളില്‍ ഇന്ന് എന്തോ.. ഒരു ഔപചാരികത കടന്നുവരുന്നു, ബോധപൂര്‍വമാണ്. ചിന്തയിലും പ്രാര്‍ത്ഥനയുമായി  ഓരോ നിമിഷത്തെയും തള്ളി നീക്കുന്നവനോട് തമാശകള്‍ പങ്കിട്ടുകൊണ്ടുള്ള സ്ഥിരം രീതി തുടരുവാന്‍ മനസ്സ് അനുവദിക്കുന്നില്ല. ഹൃദ്യമായ രീതിയില്‍ ഇത്തരം നിമിഷങ്ങളെ മനോഹരമാക്കുന്ന വാചകങ്ങള്‍ എനിക്ക് അന്യമാണെന്ന് തോന്നുന്നു. ഞങ്ങള്‍ പുറത്തേക്കിറങ്ങി നടന്നു.
         "എന്നാ പീസാ അളിയാ ആ വരുന്നേ ..." എന്‍റെ ഔപചാരികതയില്‍ പൊതിഞ്ഞ സഹതാപത്തെ അറുത്തിട്ടുകൊണ്ട് എതിരെ നടന്നു വരികയായിരുന്ന മെഡിക്കല്‍ കോളേജ് വിധ്യാര്‍തിനികളില്‍ ഒന്നിനെ നോക്കി അവന്‍ കമന്റിട്ടു. ഞാന്‍ ഞാനായിരിക്കുവാനുള്ള ആജ്ഞ ആ കമന്റില്‍ നിന്നും വായിച്ചെടുത്തപ്പോള്‍ ഒരു സുഖം തോന്നി.  "ഉം, നഴ്സിംഗ് ആണോ ....MBBS ആണോ .." നിമിഷങ്ങളെ സജീവമാക്കികൊണ്ട് ഞാനും എന്തൊക്കെയോ പറഞ്ഞു. കാന്റീനില്‍ നിന്നും ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങള്‍ ഹാളില്‍ തിരിച്ചെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന ഒരു മധ്യവസ്കന്‍ എന്നോട് കാര്യങ്ങള്‍ തിരക്കുവാന്‍ തുടങ്ങി. "ഇന്നാണോ ഓപറേഷന്‍ ?, ന്യുറോയോ ഹാര്‍ട്ടോ ?, ആരാണ് ?" എന്നീ ചോദ്യങ്ങള്‍ ഒറ്റയടിക്ക് തന്നെ ഇങ്ങു പോന്നു.
          "എന്‍റെയല്ല, ഈ ഇരിക്കുന്ന എന്‍റെ ഫ്രെണ്ടിന്റെ അച്ചനിന്നു ഹാര്‍ട്ട് ഓപറേഷന്‍ ആണ്. ഞാന്‍ ബ്ലഡ്‌ കൊടുക്കുന്നതിനും പിന്നെ ഇവനൊരു കൂട്ടിനും വന്നതാണ്. " സവിനയം ഞാന്‍ മറുപടി കൊടുത്തു. എന്നാല്‍ ചോദ്യങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. "ഹാര്‍ട്ടിന് എന്താ കുഴപ്പം പറ്റിയത് ? ബന്ധുക്കളാരും  വന്നില്ലേ?" ചോദ്യങ്ങളുടെ വരവ് അത്രയ്ക്ക് സുഖിച്ചില്ലെങ്കിലും പുറത്തു കാട്ടാതെ "വന്നിട്ടുണ്ട് , കുറച്ചവിടെ മാറി ഇരിപ്പുണ്ട്. അസുഖം അത്ര ഡീടെയില്‍ഡ് ആയി എനിക്കറിയില്ല. " സുഹൃത്ത്‌ പറയും, അവനോടു ചോദിക്ക് എന്ന രീതിയില്‍ ഞാന്‍ ആംഗ്യം കാണിച്ചു. വിഷമിച്ചിരിക്കുന്ന അവനെ അയാള്‍ വെറുതെ വിടുമായിരിക്കും എന്ന് പ്രതീഷിച്ചുവെങ്കിലും അത് നടന്നില്ല. അവര്‍ തമ്മിലായി പിന്നീട് സംസാരം. ഞാന്‍ ശ്രോതാവും.
           ഇദ്ദേഹത്തിന്റെ ആരായിരിക്കും ഇവിടെ അഡ്മിറ്റ്‌ ചെയ്യപ്പെട്ടതെന്നറിയാന്‍ ഒരു കൌതുകമുണ്ടായി. ആ വിഷയം മാത്രം സംസാരത്തില്‍ വരുന്നുമില്ല. അത് പാടില്ലല്ലോ. ഇവിടത്തെ കാര്യങ്ങളെല്ലാം അറിഞ്ഞ സ്ഥിതിക്ക് അവിടത്തെ കാര്യങ്ങളും പറയേണ്ടതല്ലേ? "ചേട്ടന്‍റെ ആരാ ഇവിടെ ..? ഓപറേഷന്‍ ഇന്നാണോ ?" ക്ഷമകെട്ട് ഞാന്‍ ചോദിച്ചു. സംസാരപ്രിയന്‍റെ വാക്കുകള്‍ ഏതാനും എണ്ണത്തില്‍ ഒതുങ്ങി. "മോളാണ്, തലയ്ക്കു ചെറിയ ഒരു സര്‍ജറി, ഓ മൈനറാ.." അയാളുടെ മുഖഭാവം കണ്ടപ്പോള്‍ അതിനെപ്പറ്റി ഇനി സംസാരിക്കെണ്ടതില്ലെന്നു  തോന്നി. കള്ളം പറഞ്ഞ് അത്ര ശീലമില്ലാത്ത ഒരു ശുദ്ധന്‍ ചില കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ പാട് പെടുന്നു. മറച്ചുവെക്കുംതോറും അറിയുവാനുള്ള ത്വര നമ്മളില്‍ കൂടും. അതെന്തേ ഇദ്ദേഹം അറിയുന്നില്ലാ ?
          "പോയി കഴിച്ചേച്ചു വാ ...ഇതുവരെ അനൌണ്‍സ് ചെയ്തില്ലെല്ലോ ?" അയാളുടെ ഭാര്യ ഊണ് കഴിഞ്ഞെത്തി. ഇതിനിടക്ക്‌ ആശുപത്രി അധികൃതര്‍ ഹാളിലേക്ക് ഓപറേഷന്‍ നടന്നവരുടെ പേരുകള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞിരുന്നു. ആ ലിസ്റ്റില്‍ പേരുണ്ടോ എന്നറിയാനാണ് ഒരാളെ ഇവിടിരുത്തി മറ്റെയാള്‍ കഴിക്കാന്‍ പോയത്. ഇനി ഭാര്യയുടെ ഊഴമാണ്, അയാള്‍ ഉച്ചയൂണിനായി പുറത്തേക്കിറങ്ങി. അയാളുമായി സംസാരിച്ചിരുന്നത് കണ്ടിട്ടാകണം ആ സ്ത്രീ ഞങ്ങളുമായി പരിചയത്തിലായി. ഇത് തന്നെ തക്കം എന്ന് മനസ്സിലാക്കി ഞാന്‍ ചോദ്യങ്ങള്‍ തൊടുത്തു. "മോള്‍ക്ക്‌ തലയില്‍ എന്തായിരുന്നു അസുഖം ?".
           മറുപടി പറയാന്‍ അവര്‍ വിഷമിച്ചു. എങ്കിലും സ്വരം താഴ്ത്തി പറഞ്ഞു, "ട്യുമറാണ്". കേട്ടപ്പോള്‍ കുറ്റബോധം തോന്നി. മറ്റുള്ളവരെ വേദനിപ്പിച്ചാണെല്ലോ എന്‍റെ അറിയുവാനുള്ള ത്വര അടങ്ങിയത്. അവര്‍ പറഞ്ഞു തുടങ്ങി. "24 വയസ്സുണ്ടവള്‍ക്ക്. കല്യാണാലോചനകള്‍ നടക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് തലവേദന വരുമായിരുന്നു. അങ്ങനെ ഒരു ദിവസം തലവേദന കൂടിയപ്പോള്‍ ഛര്‍ദ്ദിച്ചു. ഡോക്ടറെ കാണിച്ചപ്പോള്‍ CT - സ്കാന്‍ എടുത്തു റിസള്‍ട്ട്‌ കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ confirm ആയി, ആ ഡോക്ടര്‍ തന്നെ ഇങ്ങോട്ട് റെഫര്‍ ചെയ്തു..". അവരുടെ കണ്ണുകള്‍ നിറയുവാന്‍ തുടങ്ങി. "ഇതൊക്കെ പുറത്തറിഞ്ഞാല്‍ എന്താ ഇവളുടെ ഭാവി ? കല്യാണം വല്ലോം നടക്കുവോ ? അതുകൊണ്ട് ..ആരേയും അറിയിക്കാതെ ..ഞങ്ങള്‍ നാട്ടീന്നു ഇങ്ങു പോന്നു. അടുപ്പമുള്ളവരോട് പറഞ്ഞത് തിരുവനന്തപുരത്തുള്ള മാമന്‍റെ വീട്ടില്‍ പോയി കുറച്ച് ദിവസം നില്‍ക്കുവാണെന്നാണ്". പറഞ്ഞുതീര്‍ന്നതും അവരുടെ കവിളിലൂടെ കണ്ണീരൊഴുകി. ഞാനും സുഹൃത്തും ഒന്ന് പരസ്പരം നോക്കിയിട്ട് വെവേറെ ദിശകളിലേക്ക് ദൃഷ്ടി പതിപ്പിച്ചു വച്ചു.
           ഞാന്‍ കാരണമാണെല്ലോ എന്‍റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഞങ്ങളുടെ മുന്‍പിലിരുന്നു കരയുന്നത്. മനസ്സ് വല്ലാതെ വേദനിക്കുന്നു, ദൈവമേ , ഒന്നിന് പുറകെ ഒന്നായി അപരിചിതമായ സാഹചര്യങ്ങളാണെല്ലോ ഇന്ന്. ഈ സംഭവം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ട്യുമറുള്ള പെണ്‍കുട്ടിയെ ആര് കെട്ടും ? സര്‍ജറിയിലൂടെ ട്യുമര്‍ മാറ്റാവുന്നതാണെല്ലോ. പിന്നെന്താ കുഴപ്പം. എന്തായാലും ഈയൊരു കാര്യം മറച്ചു വച്ചുകൊണ്ട് വിവാഹം നടത്തുന്നത് ശരിയല്ല. അപ്പോള്‍ കെട്ടാന്‍ പോകുന്ന ആളെ അറിയിക്കണം. അറിയിച്ചാലോ ? ഞാനാണ് ആ ആളെങ്കില്‍ എന്തായിരിക്കും പ്രതികരണം? ഞാനാണെങ്കില്‍.....
             എനിക്കും കല്യാണാലോചനകള്‍ നടക്കുന്നുണ്ട്. വിവാഹം എന്ന് പറയുമ്പോള്‍ ആരോഗ്യപരമായ ഒരു ബന്ധം നമ്മള്‍ തിരഞ്ഞെടുക്കണം. സാമ്പത്തികമായ നേട്ടം ഒരു  ലക്ഷ്യമല്ലെങ്കില്‍ നമുക്ക് ചേരുന്ന ആളെ കണ്ടെത്താന്‍ ഒരുപാട് ആലോചിക്കേണ്ടിവരില്ല. ട്യുമര്‍ മാറ്റിയതിനു ശേഷം ഈ കുട്ടി മറ്റേതു പെണ്‍കുട്ടികളെയും പോലെ ആരോഗ്യവതിയാണ്. മാതാപിതാക്കളെ കണ്ടിട്ട് പ്രത്യേകിച്ച് കുഴപ്പമൊന്നും പറയാനില്ല. അപ്പൊ പിന്നെ ഇതങ്ങാലോചിച്ചാലോ...എന്‍റെ വീട്ടുകാരുടെ സമ്മതം ഒരു കടമ്പയായി മുന്‍പില്‍ കിടപ്പുണ്ടെങ്കിലും ഇതിനായി ശ്രമിക്കുകയെങ്കിലും വേണം എന്ന് മനസ്സിലുറപ്പിച്ചു. ആ അമ്മയുടെ കണ്ണീരിനു എന്‍റെ ചിന്തകളെ പവിത്രമാക്കുവാന്‍ തക്ക ശക്തിയുണ്ടായിരുന്നോ...
          "എടാ ..പോകാം.  3 മണിയായി." ബ്ലഡ്‌ എടുക്കാന്‍ നേരമായെന്നു സുഹൃത്ത്‌ അറിയിച്ചു. ഞങ്ങള്‍ രണ്ടാളും ബ്ലഡ്‌ ബാങ്ക് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയിലും എന്‍റെ ചിന്ത ട്യുമര്‍ ബാധിച്ച, ഇതുവരെ കണ്ടിട്ടിലാത്ത ആ ആളെ കുറിച്ചായിരുന്നു. സുന്ദരിയായിരിക്കുമോ? അതോ എന്നെ പോലെ വല്ല സാധനമായിരിക്കുമോ. വേണ്ട. അനാവശ്യ ചിന്തകള്‍ വേണ്ടേ വേണ്ട. ബ്ലഡ്‌ ബാങ്കിന്‍റെ മുന്‍പിലെത്തി. അകത്തു 2 ചെറുപ്പക്കാര്‍ ഇരിപ്പുണ്ട്. ഞങ്ങളും അവിടെയായിയിരുന്നു. മുന്‍പിലിരിക്കുന്ന കോമളന്മാര്‍ക്ക് ആകെ ഒരു ഫ്രാഡ് ലുക്ക്‌. മാത്രമല്ല, അവര്‍ പരസ്പരം സംസാരിക്കുന്ന ഭാഷ ഒരു രീതിയിലും പിടികിട്ടുന്നില്ല. "മാലി-കാരാണ്". സുഹൃത്ത്‌ എന്‍റെ ചെവിയിലോതി. ഇവരോട് ഇവിടുള്ളവര്‍ എങ്ങനെ സംസാരിക്കും എന്നാലോചിച്ചിരിക്കേ അകത്തു നിന്നു ഒരു പെണ്‍കുട്ടി പുറത്തേക്കു വന്നു "അടുത്തയാള്‍" എന്ന് പറഞ്ഞിട്ട് ഞങ്ങളെ നോക്കി. ഞങ്ങളുടെ ഊഴമായി എന്ന് മനസ്സിലാക്കി ഞാന്‍ ആദ്യമേ അകത്തേക്ക് കയറി.
             ദൈവമേ, സിറിഞ്ചില്ലാതെ, വേദനിപ്പിക്കാതെ ബ്ലഡ്‌ എടുക്കുന്ന രീതി ഈ ശാസ്ത്രജ്ഞന്മാര്‍ക്ക് ഒന്ന് പെട്ടെന്ന് വികസിപ്പിച്ചുകൂടെ ? അങ്ങനെ ഒരു പാഴ്ചിന്ത നടത്തവേ ആ പെണ്‍കുട്ടി അവളുടെ കാബിനിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുപോയി ഒരു കസേരയിലിരിക്കാന്‍ പറഞ്ഞു. മേശപ്പുറത്തു social worker എന്നെഴുതി വച്ചിരിക്കുന്നു. ഉം..ബ്ലഡ്‌ എടുക്കുന്നതിനു മുന്‍പുള്ള കൌണ്സില്ലിങ്ങാണ് ഉദ്ദേശം. പേരും മറ്റു വിവരങ്ങളും ചോദിച്ചു തുടങ്ങി. എനിക്ക് മുന്‍പ് വന്നിട്ടുള്ള രോഗങ്ങളെകുറിച്ചും തിരക്കി. പിന്നീടാണ് ആ ചോദ്യം വന്നത്. "ഇതിനു മുന്‍പ് ലൈംഗിക ബന്ധത്തിലെര്‍പ്പെട്ടിടുണ്ടോ ?" എന്‍റെ കണ്ണുകളിലേക്കു നോക്കി അവള്‍ അത് ചോദിച്ചപ്പോള്‍ ഒരു നാണംകുണുങ്ങിയായി ഞാന്‍ "ഇല്ല, നമുക്കൊന്ന് ബന്ധപ്പെട്ടുകൂടെ " എന്ന വികടസരസ്വതിയെ ഉള്ളിലൊതുക്കി "ഇല്ല" എന്ന് മറുപടി കൊടുത്തിട്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
             എന്തെന്നറിയില്ല, ആ ചോദ്യത്തിന് ശേഷം അവള്‍ വളരെ സുന്ദരിയായി കാണപ്പെട്ടു. ഇടയ്ക്ക് അവളുടെ ശരീരവടിവ് ശ്രദ്ധിക്കാനും ഞാന്‍ മടിച്ചില്ല. അപ്പോഴേക്കും ഒരു നഴ്സ് വന്ന് ബ്ലഡ്‌ എടുക്കുവാനായി എന്നെ കൂട്ടിക്കൊണ്ടു പോയി. ശ്ശെ!! കൌണ്‍സിലിംഗ് കുറച്ച് നേരം കൂടിയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി. ബ്ലഡ്‌ എടുക്കുവാന്‍ തുടങ്ങി. കയ്യില്‍ സൂചി കയറിയതറിഞ്ഞേയില്ല, കൌണ്‍സില്ലറുടെ മുഖവും ആ ചോദ്യവും മനസ്സില്‍ ഉന്മാദാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. അവളുടെ മേല്‍ ഒരു അവകാശം വന്നത് പോലെ. അപ്പോഴേക്കും ഒരു ചിന്ത തികട്ടി വന്നു. മറ്റുള്ളവരോടും ഇവള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയില്ലേ ? ദൈവമേ, അവര്‍ ആരും ഇവളെ ആ ഒരു കണ്ണില്‍ നോക്കാതിരുന്നാല്‍ മതിയായിരുന്നു എന്നാഗ്രഹിച്ചപ്പോഴാണ് മാലിക്കാര് പയ്യന്മാരെക്കുറിച്ചോര്‍ത്തത്. അവരുടെ ഭാഷയില്‍ ആ ചോദ്യം വരുമ്പോള്‍ അവരുടെ മറുപടി എന്തായിരിക്കും? അതവളെ വേദനിപ്പിക്കുമോ?
             തരികിടകള്‍ ! ഒരു തോക്കുണ്ടായിരുന്നെങ്കില്‍ യുവതികളെ ശല്യം ചെയ്തേക്കാവുന്ന ഇത്തരം ആഭാസന്മാരെ വെടിവെച്ചിടാമായിരുന്നു എന്ന് മനസ്സില്‍ രോഷം കൊള്ളവേ ബ്ലഡ്‌ എടുത്തു കഴിഞ്ഞു എന്ന നഴ്സിന്റെ അറിയിപ്പ് വന്നു.സുഹൃത്തിന്‍റെ ഊഴം കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി നടന്നു. സ്വാഭാവികമായും ചിന്തയില്‍ കൌണ്സിലെര്‍ മാത്രമായി. ഒരു വിവാഹാലോചനയുമായി അവളെ സമീപിച്ചാലോ ? വിവാഹാലോചന.....ഇങ്ങനെയൊന്ന് ആലോചിച്ചുകൊണ്ടാണെല്ലോ ഞാന്‍ ബ്ലഡ്‌ ബാങ്കിലേക്ക് വന്നത്. അതെന്തേ വിസ്മരിക്കപ്പെട്ടു?

              കൌണ്സില്ലെര്‍ സുന്ദരിയാണ്, ബോള്‍ഡ് ആണ്, പിന്നെ...കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്. അങ്ങനെ ആകര്‍ഷിപ്പിക്കുന്ന ഘടകങ്ങള്‍ ഏറെ. മറ്റെതാണെങ്കില്‍  ഇതുവരെ കണ്ടിട്ടുപോലുമില്ല, പോരാത്തതിന് സാമാന്യം വലിയ ഒരു രോഗത്തിനുടമയും. എങ്കിലും ആ ആലോചനയുമായി മുന്നോട്ടു പോയപ്പോള്‍ എനിക്ക് എന്നോട് തന്നെ ഒരു മതിപ്പ് തോന്നിയിരുന്നു. അതിന്മേലാണ് ഇപ്പോഴുണ്ടായ ഭ്രമം കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഇങ്ങനെ തല പുകഞ്ഞാലോചിച്ചു കൊണ്ട് സന്ദര്‍ശകഹാളില്‍ എത്തി. അപ്പോഴേക്കും അടുത്ത അനൌന്‍സ്മെന്റില്‍ സുഹൃത്തിന്‍റെ അച്ഛന്‍റെയും, ട്യുമര്‍ ബാധിച്ച ആ പെണ്‍കുട്ട്യുടെയും പേരുകള്‍ വന്നു. "എല്ലാം ശരിയായി വരും",   സുഹൃത്തിനോട്‌ പറയുവാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ. അവന്‍ ഡോക്ടറെ കാണാന്‍ പുറത്തേക്കു പോയി.
            പ്രസന്നമായ മുഖത്തോടെയാണ് അവന്‍ തിരികെ വന്നത്. "കുഴപ്പമൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. 2 ദിവസം ICU-വില്‍ കിടക്കണം. പിന്നെ പോകാം." "ഉം....." എന്ന് ഞാന്‍. അവന്‍ കുറച്ച് കൂടി ഉഷാറായി. "അളിയാ.. നീയുണ്ടായിരുന്നത് ഇന്നെനിക്കു ഒരാശ്വാസമായിരുന്നു, അമ്മാവനൊക്കെ ഇവിടുണ്ടായിരുന്നെന്നു പറഞ്ഞാലും.  പിന്നെ..നീയാ ബ്ലഡ്‌ബാങ്കിലെ സാധനത്തിനെ ശ്രദ്ധിച്ചില്ലായിരുന്നോ ? ഒരു ഐറ്റം പീസ്. അവള്‍ടെ മറ്റേ ചോദ്യമേ.....ഇന്നായിപ്പോയി." ഇടിത്തീ പോലെ സുഹൃത്തിന്‍റെ കമന്റ്സ്. എന്തായാലും അവളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് സലാം. എനിക്ക് പോകുവാന്‍ സമയമായി. അങ്കിള്‍ ഓപറേഷനു ശേഷം സുഖം പ്രാപിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നുണ്ട്. ഒന്നാലോചിക്കുമ്പോള്‍ ഇന്നത്തെ ദിവസം ഒരു കിടിലം. സുഹൃത്തിനോട്‌ യാത്ര പറഞ്ഞിട്ട് ബൈക്ക് പാര്‍ക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്തെത്തി.
               "മോന്‍ പോവാണോ ?" പുറകില്‍ നിന്നൊരു ചോദ്യം. നോക്കിയപ്പോള്‍ ആ അമ്മ അടുത്തേക്ക് നടന്നു വരുന്നു. കുറച്ച് നേരമായി എന്‍റെ കണ്ണുകള്‍ ഇവരെ തിരയുന്നുണ്ടായിരുന്നു. ആടിയുലഞ്ഞു നിന്ന ഒരു തീരുമാനം ബലപ്പെടുത്തണം എന്നെനിക്കു  തോന്നി. "ആ അതെ. അങ്കിളിനു ഇപ്പോള്‍ സുഖമായി വരുന്നു. ഒരാഴ്ചക്കകം പോകാം, പിന്നെ, മോള്‍ക്ക്‌ സുഖമായിരിക്കുന്നോ ? ചേര്‍ത്തലയില്‍ എവിടെയായിട്ടാണ് വീട് ? "
          "അവളെ RCC-യിലേക്ക് റെഫര്‍ ചെയ്തു. മോനോട് പറഞ്ഞില്ലെന്നെ ഉള്ളൂ, ക്യാന്‍സെറസ് ട്യുമര്‍ ആണ്. ഇനി റേഡിയേഷനും കീമോയും ഒക്കെയായി അവിടെ ". വിഷമത്തോടെയെങ്കിലും എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ അവര്‍  എനിക്കാരൊക്കെയോ ആണെന്ന് ഒരു തോന്നല്‍. "വിഷമിക്കേണ്ടമ്മെ, എല്ലാം ശരിയായി വരും, ഞാന്‍ പ്രാര്‍ഥിക്കാം ". ഒരു ചെറുപുഞ്ചിരി കൈമാറി. ബ്ലഡ്‌ ബാങ്കിലെ മതിഭ്രമതെക്കാളും ഉയരെ പറന്ന ആദര്‍ശം അവിടെ വീണു. ആദ്യം പറഞ്ഞ പോലെ എല്ലാം ഈ സ്ഥലം എന്നില്‍ വരുത്തിയ തോന്നലുകള്‍.