Saturday, June 4, 2011

അതിര്‍ത്തി നിര്‍ണ്ണയങ്ങള്‍

വീടിന് മുന്‍പിലുള്ള വഴിയില്‍ കുറച്ചു ആളുകള്‍ നിന്ന് ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ നഷ്ടപ്പെട്ടത് എന്‍റെ ഉറക്കമാണ്. എഴുന്നേറ്റ് ഉമ്മറത്ത്‌ വന്നു നോക്കിയപ്പോള്‍ സംസാരിച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അച്ഛനുണ്ട്, അയല്‍പക്കത്തുള്ള അമ്മാവന്മാരുണ്ട്, മറ്റയല്‍ക്കാരും പിന്നെ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത ഏതോ വലിയ കമ്പനിയിലെ ഉദ്യോഗസ്ഥരെന്നു തോന്നിക്കുന്ന ചിലരുമുണ്ട്. എന്താണാവോ തര്‍ക്കവിഷയം ? നാലാള്‍ കൂടി നിന്ന് സംസാരിക്കുമ്പോള്‍ ആ വിഷയമെന്തെന്നറിയാന്‍ എന്നേക്കാള്‍ ഉത്സാഹം കാണിക്കാറുള്ള അമ്മയതാ സര്‍വജ്ഞപീഠം കയറിയ ഭാവത്തില്‍ മുറ്റമടിക്കുന്നു. ഹാ.. കാര്യങ്ങള്‍ എളുപ്പമായി.
“എന്താമ്മേ അവിടെ ?”
“ഉം....?...ങ്ഹാ....അവര് കുറച്ചു പേര് ഏതോ കമ്പനിയിലെ ആളുകളാ. സ്ഥലത്തിന്‍റെ അതിര്‍ത്തി നോക്കാനോ തിട്ടപ്പെടുത്താനോ....ആ..”
അമ്മ മുറ്റമടി തുടര്‍ന്നു.
“ഓ..ഒരു ജാഡ..”
“എടാ നിനക്കറിയണേല്‍ ദാണ്ടവരവിടെ നില്‍ക്കുവല്ലേ.. പോയി ചോദിക്ക്”
ഇത്ര കടുപ്പത്തില്‍ പറയണമെങ്കില്‍ അമ്മ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, മാത്രമല്ല അറിഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് ഗുണം ചെയ്യാത്തവയുമായിരിക്കണം. അവരുടെ ഇടയില്‍ അച്ഛന്‍റെ സാന്നിധ്യം അതാണ്‌ സൂചിപ്പിക്കുന്നത്. എന്തായിരിക്കും കാര്യം ? അമ്മയോടിനി അക്കാര്യം ചോദിച്ചറിയാന്‍ തല്‍ക്കാലം ആത്മാഭിമാനം അനുവദിക്കുന്നില്ല. ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുക തന്നെ. അകത്തു പോയി ഷര്‍ട്ട് എടുത്തിടുമ്പോള്‍ ചിന്തയില്‍ ഊഹങ്ങള്‍ പെരുകി. അതിര്‍ത്തി എന്ന് പറയുമ്പോള്‍ നിയമസഭാ മണ്ഡലങ്ങളുടെതായിരിക്കും, പക്ഷെ അത് കഴിഞ്ഞതാണല്ലോ. മാത്രവുമല്ലാ ഈ ജില്ലയില്‍നിന്ന്‌ രണ്ടു മണ്ഡലങ്ങള്‍ കൊഴിഞ്ഞു പോകുകയും ആളുകള്‍ പെരുകിക്കൊണ്ടിരിക്കുന്ന മലപ്പുറത്ത്‌ അത്ര തന്നെ കൂടുകയും ചെയ്തു. മുസ്ലിംലീഗിന് നേട്ടം. അങ്ങനെ രാഷ്ട്രീയം കലര്‍ന്ന ചിന്തയുമായി ഞാന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാറില്‍ കയറി സ്ഥലം വിടുന്ന കാഴ്ചയാണ് കണ്ടത്.
അച്ഛന്‍ വീട്ടിലേക്കു വന്നു കയറി. അമ്മയെവിട്ട് അച്ഛനോടുള്ള കൂറ് പ്രകടിപ്പിക്കുവാന്‍ ഇത് തന്നെ തക്കം.
“നമ്മുടെ വീടിരിക്കുന്ന അതേ വരിയില്‍ തന്നെയാ ജോണിയുടെയും കുര്യന്റെയുമൊക്കെ വീടുകള്‍, പിന്നെ നമ്മുടെ മാത്രമെന്താ അതില്‍ വരാത്തതെന്നാ ഞാന്‍ ആലോചിക്കുന്നെ”
“കമ്പനിക്കാര് എന്നാ പറഞ്ഞു?”
“എന്തോ..സാറ്റലൈറ്റ് വഴിയാണ് ഇവര് അതിര്‍ത്തി നിശ്ചയിക്കുന്നതെന്നോ...എന്തൊക്കെയോ..”
“നമ്മുടെ മുറ്റം മാത്രമവരെടുത്താല്‍?”
“ങ്ഹാ..ആ സ്ഥലത്തിന്‍റെ വില തരും.. പക്ഷെ നമുക്ക് ഗുണം അതല്ലല്ലോ... ഞാന്‍ കുറെ പറഞ്ഞു. നാളെ വരാമെന്നു പറഞ്ഞ് അവര് പോയി. ഇനി ഞാന്‍ പോയി കുളിക്കട്ടെ.. എണ്ണ തേച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.”
എനിക്കൊന്നും മനസ്സിലായില്ല. എന്താണീ ശരിക്കുള്ള ഗുണം?.എന്തിന്‍റെ അതിര്‍ത്തിയാണ് അവര് സാറ്റലൈറ്റ് വഴി നിശ്ചയിച്ചത്‌. വല്ല വിമാനത്താവളവും ഇവിടടുത്ത് വരുന്നുണ്ടോ ആവോ? ഓ... വട്ടാകുന്നു.പത്തി താഴ്ത്താം. അതാ ബുദ്ധി.
“എന്താമ്മേ കാര്യം ഞാനും കൂടിയൊന്നറിയട്ട്.”            
“അറിഞ്ഞിട്ടിപ്പോ എന്ത് ചെയ്യാനാ... പോത്ത് പോലെ കിടന്നുറങ്ങിക്കഴിഞ്ഞാല്‍ കുടുംബത്തില്‍ നടക്കുന്നതിനെപറ്റിയൊന്നും ചിന്തിക്കണ്ടല്ലോ... അവിടെ അനീഷും ബിജുവുമൊക്കെ നിന്നെപ്പോലെതന്നെയല്ലേ... ഇങ്ങനെ ഉത്തരവാദിത്വബോധമില്ലാത്ത ഒരുത്തന്‍...”
“പിന്നെ..വീട്ടില്‍ നിന്ന് എന്നേക്കാള്‍ നന്നായി പൈസ അടിച്ചെടുക്കാന്‍ അവന്മ്മാര്‍ക്കറിയാം.. ആ ഒരു കാര്യത്തിലെ എനിക്കിതുവരെ അവരോടു അസൂയ തോന്നിയിട്ടുള്ളൂ....വെളുപ്പാന്‍കാലത്ത് ഉത്തരവാദിത്വബോധം പഠിപ്പിക്കുന്നു ..അമ്മ പറയുന്നേ പറ...”
“എടാ.. സ്മാര്‍ട്ട്‌സിറ്റിയുടെ പുതിയ കരാര്‍ അനുസരിച്ച് ആലപ്പുഴയും പിന്നെ പത്തനംതിട്ട ജില്ലയിലെ ചില താലൂക്കുകളും UAE യുടെ ഭാഗമാകും. നമ്മുടെ വീടിരിക്കുന്ന ഈ വരിയില്ലേ... ഇതാണവരുടെ കിഴക്ക് അതിര്‍ത്തി”
“എന്ത് ???” “UAEയുടെ ഭാഗമോ... അതായത് വേറൊരു രാജ്യത്തിന്‍റെ ഭാഗം...” ഇവര്‍ക്കൊക്കെ വട്ടാണോ ...
“അമ്മയെന്തുവാ ഈ പറയുന്നേ..ടീകോം എന്ന കമ്പനിയുമായല്ലേ കരാര്‍. UAE യുമായിട്ടല്ലല്ലോ?”
“ങ്ഹാ...ദുബായ് ഗവണ്‍മെന്‍റ്റിനും ഇതില്‍ പങ്കുണ്ടെന്നാ പറയുന്നേ...
എന്തായാലും ദുബായിയുടെ ഭാഗമായാല്‍ പിന്നെ ഇവിടെയൊക്കെ  ദറംസാ... രൂപയേക്കാള്‍ മൂല്യം. പക്ഷെ നമുക്കതിനുള്ള ഭാഗ്യമില്ലെന്നാ തോന്നുന്നെ. ദാ ഈ മുറ്റം വരെയാ അതിര്‍ത്തി.നമ്മുടെ വീടതില്‍പെടില്ല. നിന്‍റമ്മാവന്മാരൊക്കെ ഇനി ദുബായിക്കാരാ .”
എന്ത്‌ യുക്തിയില്ലായ്മ്മയാണിത്. ഇവര്‍ക്കൊക്കെ ഇതെന്തുപറ്റി? ജനഹിതം വകവെക്കാതെ മറ്റൊരു രാജ്യത്തിന്‌ ഒരു പ്രദേശത്തെയാകെ വില്‍ക്കുകയോ, കാഷ്മീര്‍പോലും ദശാബ്ദങ്ങളായി തര്‍ക്കത്തില്‍ കിടക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് നിക്കുന്നയിടം ദുബായിയുടെ ഭാഗമോ... അഥവാ അങ്ങനെയാണെങ്കില്‍ തന്നെ അതിര്‍ത്തിക്കപ്പുറമിരിക്കുന്നവര്‍ക്ക് നിരാശപാടുണ്ടോ?... ഇന്ത്യയുടെ അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ദറംസ് കാണുമ്പോള്‍ സ്വന്തം രാജ്യത്തെ തന്നെ മറക്കുമോ... ദൈവമേ ഈ പ്രദേശത്ത് എനിക്ക്‌ മാത്രമേയുള്ലോ രാജ്യസ്നേഹം?.. അങ്ങനെ തല പുകഞ്ഞുകൊണ്ടിരിക്കെ അതാ വരുന്നു പുത്തന്‍ ദുബായ്ക്കാര്‍ എന്ന് അമ്മ വിശേഷിപ്പിച്ച അമ്മാവന്മാരുടെ മക്കള്‍ അനീഷും ബിജുവും. വിപ്ലവവീര്യമുള്ള ചെറുപ്പക്കാര്‍. ഇവരുമായി സംഘടിച്ച് ഒരു രണ്ടാം ‘ക്വിറ്റ്‌ ഇന്ത്യ’ സമരത്തിന്‌ തിരി കൊളുത്തിയാലോ ? ഇവിടത്തെ ചെറുപ്പക്കാര്‍ പ്രതികരണശേഷിയുള്ള ചുണക്കുട്ടന്മാരാണെന്ന് ദുബായ് ഗവണ്‍മെന്റ് അറിയട്ടെ.
“ടാ കൊച്ചേ...കാപ്പികുടിയൊക്കെ കഴിഞ്ഞോ..?”
“പല്ല് പോലും തേച്ചിട്ടില്ല ...നിങ്ങളെ രണ്ടു പെരേം അവന്മാര് വന്നപ്പോ കണ്ടില്ലായിരുന്നെല്ലോ..ആ കമ്പനിയിലെ ആളുകള്‍...ഓടിക്കണ്ടായിരുന്നോ പട്ടികളെ..?”
“ഹഹ... എന്തിന്?”
“പിന്നെ. നമ്മളോട് ചോദിക്കാതെയാണോ ഇതൊക്കെ തീരുമാനിക്കുന്നത്. ഇതൊക്കെ protest ചെയ്യേണ്ട കാര്യം തന്നെയാ. അല്ലാ..നിങ്ങള്‍ക്കിതൊന്നും തോന്നാത്തതെന്താ ? ബസിലെ കണ്ടക്ടര്‍ സ്കൂള്‍പിള്ളേരെ ഒന്ന് തുറിച്ചു നോക്കിയാല്‍ അതിനും സമരം നടത്തിയിട്ടില്ലെ രണ്ടും? ഇതെന്നാ അതിലും പ്രാധാന്യം കുറഞ്ഞ വിഷയമാണോ ? നിങ്ങള്‍ ശരിക്കും കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ?”
“എല്ലാമറിഞ്ഞു മോനേ.. ഇവിടെ രാവിലെ എന്തുവാ കഴിക്കാന്‍? പുട്ടാണോ ?”
“രാവിലത്തെതൊന്നുമായിട്ടില്ല..” മുറ്റമടിച്ചുതീര്‍ന്ന് ഇതും പറഞ്ഞിട്ട് അമ്മ അകത്തേക്ക് കയറിപ്പോയി. അത്ര സുഖകരമായ ഒരു മറുപടിയല്ലല്ലോ അമ്മയുടേത്. സാധാരണ ഗതിയില്‍ പ്രാതലിന് എന്ത് തന്നെയായിരുന്നാലും ഇവര്‍ക്കും കൂടിയുള്ളത് അമ്മ കരുതിയിരിക്കും. ഇവര്‍ ചോദിക്കുന്നതിനു മുന്‍പ് തന്നെ അകത്തേക്ക് വിളിച്ചു വിളമ്പി കൊടുത്തിരിക്കും. ഇതിപ്പോ എന്താ പറയുകാ.. വല്ലാത്ത ഒരു അവസ്ഥ..
“വാടാ നമുക്ക് കവലയിലോട്ടു പോകാം”
“ഹാ നിങ്ങള്‍ പോവാണോ.. ഇതെല്ലാം അറിഞ്ഞിട്ടും നിങ്ങള്‍ മിണ്ടാതിരിക്കുന്നതെന്താന്ന്..?”
“എടാ കൊച്ചനേ..സുദാനോ സോമാലിയയോ അല്ലല്ലോ ഇവിടം ഏറ്റെടുത്തിരിക്കുന്നത്, ദുബായ് അല്ലേ.. അപ്പോ നമ്മുടെയൊക്കെ മതിപ്പ് ഇത്തിരി കൂടും. നിങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നു വച്ച് കെറുവിച്ചിട്ടു കാര്യമില്ല.”
“കേറുവോ.......ഇതിനോ...... ഉം.....നിങ്ങള്‍ ചെല്ല് ചെല്ല്..”
ഇവര്‍ക്കുണ്ടായ മാറ്റം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഭൌതികമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ആദര്‍ശങ്ങള്‍ അടിയറവയ്ക്കുക, ലജ്ജയില്ലേ ഇവര്‍ക്ക്. പ്രതികരിക്കുക തന്നെ. പക്ഷെ ഞാന്‍ ഒറ്റയ്ക്ക്..എങ്ങനെ..? അധിനിവേശത്തിനെതിരെ ഞാന്‍ ശബ്ദമുയത്തിയാല്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന മട്ടിലേ മറ്റുള്ളവര്‍ നോക്കിക്കാണു. ഞങ്ങളുടെ പുരയിടവും അതിര്‍ത്തിക്കുള്ളിലായിരുന്നെങ്കില്‍ എന്റെ പ്രക്ഷോഭങ്ങള്‍ക്ക് ഒരു ത്യാഗത്തിന്റെ മാനം വന്നു ചേര്‍ന്നേനെ. അല്ലാ.. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ ശബ്ദമുയര്‍ത്തുമായിരുന്നോ...?...അറിയില്ല.. ഇവരെല്ലാവരും ഇതിനെ ഒരു നേട്ടമായി കാണുന്നു. എന്തെങ്കിലുമൊക്കെ കാര്യമില്ലാതെ എന്നെക്കാള്‍ മുതിര്‍ന്നവരായ ഇവര്‍ അങ്ങനെ കാണില്ലല്ലോ. ചില ഗുണങ്ങള്‍ എനിക്കും വന്നു ചേരാതിരിക്കില്ല. പക്ഷേ എന്‍റെ രാജ്യം.. എന്‍റെ കേരളം....... ങ്ഹാ ഇതൊക്കെ ഇവിടെത്തന്നെയുണ്ടല്ലോ... ഇടയ്ക്കിടയ്ക്ക് വിസിറ്റ് നടത്താം. ഈശ്വരാ ഞാനും ഒരു ദുബായ്കാരനാകാന്‍ ഒരുങ്ങുകയാണോ?
സന്ധ്യയാവുന്നു. വീട്ടില്‍ അച്ഛനും അമ്മയ്ക്കും സംസാരിക്കുവാന്‍ ഇതേയുള്ളൂ വിഷയം. ഒരു വിപത്ത് എന്ന നിലയ്ക്ക് മനസ്സില്‍ കയറിക്കൂടി ഒടുക്കം ഒരു മോഹമായി വളരുകയാണ് ഈ അധിനിവേശം. ഞങ്ങളെയും ദുബായുടെ ഭാഗമാക്കുമോ? വീട്ടില്‍ ഇരുന്നിട്ട് ഒരു സമാധാനമില്ല. പുറത്തേക്കിറങ്ങിയാല്‍ പുത്തന്‍ ദുബായ്ക്കാരുടെ പത്രാസ് സഹിക്കാനും നിവര്‍ത്തിയില്ല. ജനാലക്കരികില്‍ വഴിയിലേക്കും നോക്കിയിരുന്നു. അതാ കുഞ്ഞമ്മാവന്‍ പോകുന്നു. പ്രത്യേകിച്ച് ഒരു പണിയും ചെയ്യാതെ ചീട്ടും കളിച്ച് നടക്കുന്നയാള്‍ടെ പൊങ്ങച്ചം വരെ ഇനി സഹിക്കണം. ഇദ്ദേഹമിനി ദറംസ് വച്ചായിരിക്കും ചീട്ട് കളിക്കുക. ഇന്നലെ വരെ എല്ലാവരും പരിഹാസത്തോടെ മാത്രം കണ്ടിരുന്ന ഈ കഥാപാത്രം പോലും നമ്മളേക്കാള്‍ കേമന്‍ എന്ന രീതിയില്‍ നടക്കുന്നു. ഇന്ന് ഇനിയിപ്പോ പുറത്തേക്കിറങ്ങുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. വൈകിട്ട് അത്താഴം കഴിഞ്ഞ് ഒരല്‍പ്പം പ്രതീക്ഷയും കുറെയേറെ വേവലാതികളുമായി കയറിക്കിടന്നു. ഉറങ്ങി.  
പരിചിതമല്ലാത്ത ഒരു ശബ്ദം കാതുകളിലേക്ക് തുളച്ചുകയറിയപ്പോള്‍ കഷ്ട്ടപ്പെട്ടു കണ്ണ്‍ തുറന്ന്‍ഇരുവശങ്ങളിലേക്കും നോക്കി. നേരം പുലര്‍ന്നിരിക്കുന്നു. ജനാലയിലൂടെ വെളിയിലേക്ക് നോക്കിയപ്പോള്‍ അതാ പറമ്പില്‍ ഒരു ഒട്ടകം നില്‍ക്കുന്നു. ദൈവമേ, ഇതെവിടെ നിന്ന് കെട്ടഴിച്ചു വന്നതാണ്‌?. ഇതിനു മുമ്പ് ഈ ജന്തുവിനെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?. “ഹഹഹഹഹ” ചെവി പൊട്ടുമാറ്  വീടിന്‍റെ ഉമ്മറത്തുനിന്ന് അട്ടഹാസം. മുന്‍വശത്തെക്കു ചെന്നപ്പോള്‍ കണ്ടത് കഴിഞ്ഞ ദിവസം ഇവിടെ വന്നു പോയ ഉദ്യോഗസ്ഥരും അച്ഛനും പിന്നെ ഒരു അറബിയും നിന്ന് എന്തോ തമാശ പറഞ്ഞു പൊട്ടിചിരിക്കുന്നതാണ്. അച്ഛന്‍ അറബിയുടെ ഭാഷയൊക്കെ മനസ്സിലായിട്ടാണോ ഈ ചിരിക്കുന്നത്. അപ്പോഴേക്കും അമ്മ വന്നു എല്ലാവരെയും പ്രാതലിനായി ക്ഷണിച്ചു. എല്ലാവരും അകത്തേക്ക് കയറി.
സന്തോഷം പകരുന്ന കാഴ്ചയാണിത്. എന്തോ നേട്ടമുണ്ടായിട്ടുണ്ട്. വീടിന്‍റെ പുറത്തുകൂടി പുറകുവശത്തുള്ള അടുക്കളയില്‍ എത്തി. അമ്മ ഭക്ഷണമെടുത്തുവെയ്ക്കുവാനുള്ള തിരക്കിലാണ്. എങ്കിലും അങ്ങോട്ടു ചോദിക്കാതെ അമ്മ എല്ലാം പറഞ്ഞുതന്നു. നമ്മളും ദുബായിയുടെ ഭാഗമായിരിക്കുന്നു! ഹാ.. മനസ്സിനൊരു കുളിര്‍മ. 
“ഈ വീടിനു പുറകുവശത്തേക്ക്‌ കൂടി അതിര്‍ത്തി നീട്ടി. പക്ഷേ നമ്മുടെ പുറത്തുള്ള  ബാത്ത്റൂം ഇരിക്കുന്ന സ്ഥലം ഇതില്‍ പെടില്ല. അത് കുറച്ചു മുന്‍പ് ആ കമ്പനിയുടെ ആളുകള്‍ വന്നു പൊളിച്ചു നിരപ്പാക്കി.”
അപ്പോഴാണ് ഞാന്‍ അതു ശ്രദ്ധിച്ചത്. അയ്യോ പ്രഭാത കര്‍മ്മങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. അതിനുള്ള ത്വര കയറിവരികയും ചെയ്യുന്നുണ്ട്. “അമ്മേ ഞാന്‍ എഴുന്നേറ്റതേയുള്ളൂ. രാവിലത്തെ പരിപാടികളൊന്നും നടന്നിട്ടില്ല. എനിക്കത്ത്യാവശ്യമായിട്ടൊന്നു കക്കൂസില്‍ പോണം.”   
“ഉച്ചയാകുമ്പോള്‍ ഓരോന്നെഴുന്നേറ്റു വന്നോളും”
“ഞാനെന്നാ അമ്മാവന്‍റങ്ങോട്ടു പോട്ടെ...”
“ആ ചെല്ല്... നിന്‍റമ്മാവന്‍മ്മാര് വേല വെച്ചതാ ഇന്നലെ നമ്മളെ ഇപ്പുറത്ത് നിര്‍ത്തിക്കൊണ്ടുള്ള അതിര്‍ത്തി ഉണ്ടായത്‌. അതിന്‍റെ ഒരു വഴക്ക് രാവിലെ കഴിഞ്ഞതേയുള്ളൂ.”
“അതിന്റിടയ്ക്ക് വഴക്കും ഉണ്ടായോ..? ഇനിയിപ്പോ ഞാന്‍ എന്നാ ചെയ്യണം.”
“നീ എങ്ങനാന്ന് വച്ചാ കാര്യം സാധിക്ക്. ഞാന്‍ അവര്‍ക്കീ ഭക്ഷണം ഒന്നെടുത്ത് കൊടുക്കട്ട്.”
അമ്മയാണത്രെ അമ്മ. ധനലബ്ദ്‌ധിയില്‍ മതിമറന്നിരിക്കുന്നു. ഈശ്വരാ... കടുത്ത പരീക്ഷണമാണല്ലോ...വായറൊന്നൊഴിക്കാഞ്ഞിട്ട് ഒരു രക്ഷയുമില്ല. വീടിനു കിഴക്ക് ഭാഗത്തുള്ള പറമ്പ്‌ ആരും കാണാതെ കാര്യം നടത്തുന്നതിന് യോഗ്യമാണോന്ന് നോക്കട്ടെ. ഓ... നാശം. അവിടെയാണല്ലോ ഒട്ടകം നില്‍ക്കുന്നത്. ഈ അറബികള്‍ പോകുന്നിടെത്തെല്ലാം ഒട്ടകങ്ങളെയും കൊണ്ടുപോകുമോ? ങ്ഹാ... അവരതിനെ അഴിച്ചുകൊണ്ടുപോകാന്‍ വല്ലോം വരുവാണെങ്കില്‍ എന്‍റെ പ്രകൃതിജീവനം കണ്ടു ഞെട്ടേണ്ട. ഭക്ഷണം കഴിഞ്ഞു അവര്‍ ഇതിനെ വന്നു കൊണ്ടുപോകട്ടെ. അത് വരെ എവിടെ കാത്തിരിക്കാം.
അമ്മോ... വയര്‍ പൊട്ടുന്നു. ഇവര് അവിടെന്തെടുക്കുവാ... ഓ... ശരീരമാകെ വിയര്‍ക്കുന്നു. കണ്ണുകള്‍ തളരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധി‘മുട്ട്’ ഇത് തന്നെ എന്ന് ഞാന്‍ തിരിച്ചറിയുന്നു. അഭിമാനവും അല്ലാത്ത മാനവും എല്ലാം ഇടിഞ്ഞുവീഴുമെന്ന് തോന്നുന്നു. അവസാനത്തെ വിളിയാണ്... “ദൈവമേ എന്നെ ഇതില്‍ നിന്നൊന്നു കരകയറ്റണേ.........”
എന്തോ വേദനയുടെ മൂര്‍ദ്ധന്യത്തില്‍ ഞാന്‍ കണ്ണുതുറന്നു. ഞാന്‍ മറ്റൊരു ലോകത്ത് എത്തിയിരിക്കുന്നു. തൊട്ടു മുന്‍പ് വരെ എന്നോടൊപ്പമുണ്ടായിരുന്നവര്‍, അല്ലെങ്കില്‍ എനിക്ക് ചുറ്റും നാടകം കളിച്ചവര്‍ ഇപ്പോഴെന്റെ കൂടെയില്ല എന്ന് ഞാന്‍ മനസ്സിലാക്കി. കുറെ വര്‍ഷങ്ങള്‍ കൂടി ഇന്ന് ഇത്തിരി non-veg കഴിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, വയറ്റില്‍ ചെറിയ ഒരു വേദന. കട്ടിലില്‍ നിന്നെഴുന്നേറ്റ് ലൈറ്റിട്ടു. സമയം വെളുപ്പിന് നാലര. വയറുവേദന മാറാന്‍ കുറച്ചു ദശമൂലജീരകാരിഷ്ടം എടുത്തു കുടിച്ച് വീണ്ടും വന്നു കിടന്നു. മറന്നു പോകുന്നതിനു മുന്‍പ് കണ്ടതൊക്കെയും ഒന്നോര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. സ്വപ്നങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് ട്രാജഡിയിലാണ്. ശരീരത്തിന്‍റെ അവസ്ഥയുമായി എന്തൊക്കെയോ ബന്ധമുള്ള രീതിയിലാണ് പലപ്പോഴും ആ നാടകരചനയും ആവിഷ്കാരവും നടക്കുക. ഭയവും ആസക്തിയും അസൂയയും ഒക്കെയാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇതാരാണ് നമ്മളെ കാണിക്കുവാന്‍ ശ്രമിക്കുന്നത്? നമ്മള്‍ തന്നെയോ? അതോ The Almighty എന്നൊക്കെ പറയപ്പെടുന്ന സംഭവമോ? അതോ ഇതൊന്നുമല്ലാതെ നമ്മള്‍ മറ്റ് ചിലരെയും കൂട്ട് പിടിച്ചു പരലോകത്തിലൂടെ നടത്തുന്ന ഹ്രസ്വസഞ്ചാരമാണോ ഈ സ്വപ്നം എന്ന് പറയുന്നത്? ഒന്നുമറിയില്ല.
ഇക്കാലമത്രയും താല്പര്യമില്ലാതിരുന്നിട്ടും ചില സാഹചര്യങ്ങള്‍ക്ക്, അല്ലെങ്കില്‍ പെട്ടന്നുണ്ടായൊരു ആസക്തിക്ക് കീഴ്പ്പെട്ട് മാംസഭോജിയായിത്തീര്‍ന്നത്‌ മുതല്‍ മനസ്സില്‍ കയറിക്കൂടിയ വിമ്മിഷ്ടം, ഒരു സ്വപ്നത്തിലൂടെ ചില കഥാപാത്രങ്ങളെയും ഒപ്പം കൂട്ടി അധിനിവേശത്തെ പുണരുവാന്‍ ശ്രമിക്കുന്നവനെ വേദനിപ്പിക്കുമ്പോള്‍, ഞാന്‍ തിരിച്ചറിയുന്നു ഈ ഉജ്ജ്വല നാടകങ്ങളെ, പിന്നെ എനിക്കായി നിര്‍ണ്ണയിച്ചിരിക്കുന്ന അതിര്‍ത്തികളെ.

23 comments:

 1. അജിത്ത് കൊള്ളാം; അതിര്‍ത്തി നിര്‍ണയം;
  ആശംസകളും ഭാവുകങ്ങളും നേരുന്നു

  ReplyDelete
 2. very well written.. othiri karyangal ithiloode paranjittund.. money getting important than relations.. people attempting to do forbidden things n then suffering the effects due to tat.. well presented.. i liked the style of the story... in a satirical manner.. good.. keep going.. best wishes.. njoyd reading it.. :)

  ReplyDelete
 3. Superb...Valare mikacha oru KATHA vaayikkunnathu thanne kurachu kaalathinu sesham aanu... Eniyum ethe polatthe maikacha shrishtikalumaayi varukaa...!!!

  ReplyDelete
 4. ഞാനും കണ്ടിടുണ്ട് ഇതുപോലെ വിചിത്രമായ ചിന്തകള്‍

  പക്ഷെ ഈ സ്വപ്നദര്‍ശനം അതിന്റെ വ്യാഖ്യാനം എന്‍റെ അടഞ്ഞ സ്വപ്നങ്ങളെ
  എവിടെയോ തുറപിച്ചു
  nannayittundeda ezhuthu thudruka aashamskal

  ReplyDelete
 5. Bahaya....ithangu keeri koluthi keettaa

  ReplyDelete
 6. കഥയും അവതരണവും ഒരു പാടിഷ്ടമായി.അധിനിവേശത്തെ പ്രണയിക്കുന്ന ജനതയുടെ സ്വപ്‌നങ്ങള്‍ :) .സ്വപ്നവും ചിന്തയും നന്നായി ഇടകലര്‍ന്നു.പുതുമയുള്ള ശൈലി..ഒന്ന് കൂടെ പറയട്ടെ കഥ മനോഹരമായി.

  ReplyDelete
 7. രാഷ്ട്രീയ മൂല്യത്തിലേക്ക് വികസിക്കാവുന്ന ഒരു കഥയാണിത്. അധിനിവേശങ്ങളെ നമ്മള്‍ പ്രണയിച്ചു കൊണ്ടിരിക്കുന്ന കാലം തന്നെയാണിത്. വരൂ ഞങ്ങളുടെ സംസ്ക്കാരത്തെ പെറ്റ നാടിനെ നിങ്ങള്‍ സ്വന്തമാക്കി കൊള്ളൂ എന്നൊരു പ്രഖ്യാപനം നെറ്റിയില്‍ എഴുതി ചേര്‍ത്താണ് നാം നടക്കുന്നത്. നമുക്കും ചുളുവില്‍ സമ്പന്നരാകണം എന്ന ആര്‍ത്തിയാണ് അതിനു പുറകില്‍. നല്ല കഥ. സമകാലീനം. ആശംസകള്‍.

  ReplyDelete
 8. ആശയം, അവതരണം... മനോഹരം.

  ReplyDelete
 9. അഭിനന്ദനങ്ങള്‍..

  തിറെഴുതാനിനി സ്വപ്നം പോലും ബാക്കിയില്ല.. :)

  ReplyDelete
 10. പണം എല്ലാത്തിനും അടിസ്ഥാനമാകുമ്പോള്‍ , അധിനിവേശത്തെയും അടിമത്തത്തെയും കൈനീട്ടി സ്വീകരിക്കുന്നു നമ്മള്‍ .... നല്ല ശൈലി , അവതരണം.
  പരിചയപ്പെടുത്തിയ ഭാനുവിന് നന്ദി

  ReplyDelete
 11. നല്ലൊരു കഥ വായിച്ച സന്തോഷം. വളരെ നന്നായി പറഞ്ഞു. ചൂണ്ടിക്കാണിച്ചതിനു ഭാനുവിനു നന്ദി.

  ReplyDelete
 12. കഥയുടെ ഒഴുക്ക് കൊള്ളാം. നല്ല രസമായി വായിച്ചു.

  ReplyDelete
 13. അതിസുന്ദരം എന്നേ പറയേണ്ടു.

  ReplyDelete
 14. നല്ലൊരു വിഷയം സ്വപ്നത്തിലൂടെ മനോഹരമായി അവതരിപ്പിച്ചു. അടുത്തകാലത്ത് ബ്ലോഗില്‍ വായിച്ച നല്ലൊരു കഥ.

  ഈ കഥ വായിക്കാനായി ക്ഷണിച്ചതിന്‌ ഭാനുവിനു നന്ദി.

  ReplyDelete
 15. അധികം വായിച്ചിട്ടില്ല ഇവിടെ.
  എങ്കിലും ഇത് വ്യത്യസ്തമായ ശൈലിയില്‍ മനോഹരമായി എഴുതിയിരിക്കുന്നു എന്ന് പറയാതെ വയ്യ .
  ഒരു നല്ല വായനക്ക് തുടക്കം കുറിച്ച് തന്നതിന് നന്ദി .
  എല്ലാ ഭാവുകങ്ങളും

  ReplyDelete
 16. ഒരു cinema പോലെയുണ്ട്.. കൊള്ളാം. :)

  ReplyDelete
 17. kollaam.. thudarnnum ezhuthuka

  ReplyDelete
 18. സ്വപ്നത്തിലെ സത്യങ്ങള്‍ നന്നായി പറഞ്ഞു ..

  നല്ല വിശകലന കാഴ്ചപാടോടെ സരസമായി

  അവതരിപ്പിച്ചു ...ആശംസകള്‍ ..

  ReplyDelete
 19. കഥ വളരെ നന്നായി. സന്തോഷം.
  അഭിനന്ദനങ്ങൾ.

  ReplyDelete
 20. സമകാലികം. നന്നായിട്ടുണ്ട്. ഇനിയും ഇത് പോലുള്ള രചനകള്‍ പ്രതീക്ഷിക്കുന്നു. പറ്റുമെങ്കില്‍ യാത്രാ വിവരണങ്ങളും ഉള്‍പെടുത്തുക. ഗോഡ് ബ്ലെസ് യു.

  ReplyDelete
 21. അജിത്തേ ലുക്കില്ല എന്നെ ഒള്ളു നീ ........ !!!!

  ReplyDelete
 22. വളരെ നല്ല ശൈലി. പവിത്രന്റെ കഥക്കൂട് നിറയട്ടെ കഥകളാൽ. ഇനിയുമിനിയും വായിക്കാൻ..

  ReplyDelete